സ്വന്തം ‘പാട്ടിനു’ വിടില്ല

Thumb Image
SHARE

പാട്ടും സിനിമയും ഒക്കെ കലയാണെന്നും കലയാണ് ലോകത്ത് വിപ്ലത്തിലേക്ക് വഴിതുറക്കാനുള്ള എളുപ്പമാര്‍ഗമെന്നും കരുതുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇവിടെയും അങ്ങനെയൊക്കെയാണ്. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിച്ച് വേവലാതി കൊള്ളുന്നവരുമാണ് ഈ കമ്മ്യൂണിസ്റ്റുകാര്‍. അപ്പോ പിന്നെ ഒരു കമ്മ്യൂണിസ്റ്റിനെക്കുറിച്ച് ഒരു പാട്ടിറങ്ങിയാല്‍ ഒരു ഡോക്യുമെന്‍റെറി നിര്‍മിച്ചാല്‍ അതും കലയായല്ലേ കാണേണ്ടത്. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെക്കുറിച്ച് ഇങ്ങനെയൊക്കെ വന്നപ്പോള്‍ സിപിഎമ്മിന് തോന്നിയത് നേരെ തിരിച്ചാണ്. ജയരാജനെങ്ങാനും വല്യആളായിപ്പോവുമോയെന്ന ഭയമാണത്രെ ഉണ്ടായത്. അതും കണ്ണൂരിന് പുറത്തുള്ള സഖാക്കള്‍ക്കല്ല, അകത്തുള്ള സഖാക്കള്‍ക്ക്. അവര്‍‌ അത് യോഗം ചേര്‍ന്ന് ചര്‍ച്ച വരെ ചെയ്തു. 

ജയരാജന്‍ സഖാവ് പലരും ടാര്‍ഗറ്റ് ചെയ്യുന്ന നേതാവാണെന്നാണ് കണ്ണൂരിലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ പൊതുവികാരം. എന്നാല്‍ പാര്‍ട്ടിക്കത്ത്ു നിന്നു തന്നെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്നറിയാന്‍ ജയരാജന്‍ സഖാവിനെക്കുറിച്് പാട്ടൊക്കെ ഉണ്ടാക്കി ആല്‍ബമായി പുറത്തിറക്കേണ്ടി വന്നു എന്നുമാത്രം. 

ഈ പാട്ട് കേട്ടപ്പോള്‍ പിണറായി വിജയന്‍, കോടിയേരി, ഇ.പി.ജയരാജന്‍ ഇത്യാദി കണ്ണൂര്‍ സഖാക്കള്‍ക്ക് തോന്നിയത് എന്തോ അശ്ലീലമായാണ്. അതുകൊണ്ട് ജില്ലാ സെക്രട്ടറി കടുത്ത അപചയത്തിന് വിധേയനായിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. പാര്‍ട്ടിക്ക് അതീതനായി സ്റ്റാറാവാന്‍‌ ശ്രമിച്ചു, ഹീറോയായി സ്വയം കരുതി എന്നൊക്കെയാണ് മറ്റ് വിലയിരുത്തലുകള്‍. സത്യത്തില്‍ പി.ജയരാജന്‍ ആളൊരു ഒന്നാന്തരം സംഗീതപ്രേമിയാണ്. രാത്രി കിടന്നുറങ്ങുന്നതുതന്നെ യേശുദാസിന്‍റെ സെമിക്ലാസിക്കല്‍ പാട്ടുകള്‍ കേട്ടാണ്. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ജഗതിയുടെ തമാശകളും കാണും. അങ്ങനെയുള്ള ഒരാളിനെയാണ് പാര്‍ട്ടിയെ അരസികര്‍ ചേര്‍ന്ന് ഇങ്ങനെ താറടിച്ചത്. കഷ്ടം തന്നെ 

സംഗതി പി.ജയരാജന്‍ ആള് വല്യആളായിപ്പോവുന്നുണ്ടോ എന്നതുതന്നൊണ് പ്രശ്നം. തല്‍ക്കാലം പാര്‍ട്ടിയില്‍ പിണറായി സ്തുതികള്‍ മതിയെന്ന് കരുതിക്കാണണം. പക്ഷേ അങ്ങനെയൊക്കെ കരുതുമ്പോള്‍ ഈ പാട്ട് അത് ഒരു കലാസൃഷ്ടിയാണല്ലോ, അതുണ്ടാക്കിയവരെക്കൂടി അവമതിക്കലാണ്. അല്ലെങ്കിലേ കണ്ണൂരില്‍ വെട്ടും കുത്തുമാണ് സഖാക്കളുടെ മെയിന്‍ കലാപരിപാടി. അതൊക്കെ ഒന്നു മാറ്റിവച്ച് ഇത്തരത്തില്‍ പാട്ടുകളൊക്കെ ഉണ്ടാക്കുന്നതിനെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്. ആളുകളൊക്കെ രസിക്കട്ടേന്ന്. 

MORE IN THIRUVA ETHIRVA
SHOW MORE