യോഗി ആദിത്യനാഥിന്റെ പാദാരവിന്തങ്ങളാല് സ്പര്‍ശിക്കപ്പെട്ട ഐശ്വര്യമായ നാടായി കേരളം മാറിയെന്നാണ് ബിജെപിക്കാരുടെ ഇന്നത്തെ വിചാരം. കൃത്യമായി പറഞ്ഞാല്‍ പരശുരാമന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതിനുശേഷം കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ യോഗിയാണ് എന്തുകൊണ്ടും യോഗ്യനെന്ന് അവര്‍ക്ക് കരുതാം. അതിനുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. മലയാളികള്‍ക്കെല്ലാം ഉണ്ടോ എന്നുള്ളത് പിന്നീടുള്ള കാര്യമാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്കാണ് കണ്ണൂരിലേക്ക്. അമിത് ഷാജിക്കൊപ്പം കുറേ പേര് വന്നു. ഇപ്പോഴിതാ യോഗിക്കൊപ്പവും വന്നു. ആര് ആരൊക്കെയാണെന്നും എവിടെ നിന്നുവരുന്നൊന്നും കൃത്യമായി ആര്‍ക്കും അറിയില്ല. എല്ലാ ബിജെപി നേതാക്കളും കേരളം ലക്ഷ്യമിട്ട് കുതിക്കുകയാണ്. രാജ്യം നന്നായില്ലെങ്കിലും കേരളത്തെ രക്ഷിക്കണം.
ഒരു കണക്കിന് നമ്മള് മലയാളികള്‍ ഭാഗ്യം ചെയ്തവരാണ്. നമ്മളെ ഇങ്ങനെയൊക്കെ ഒരു രാജ്യം ഭരിക്കുന്ന പാര്‍ട്ടി സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാല്‍. അതു തന്നെ വല്യകാര്യമല്ലേ. നോക്കണം, ബിജെപിക്ക് ഒരു എംപിയെപ്പോലും നമ്മള് തിരഞ്ഞെടുത്ത് അയച്ചിട്ടില്ല. നിയമസഭയിലേക്ക് പേരിനൊരു ആളെ. ഇങ്ങനെയൊക്കെ ദ്രോഹിച്ചിട്ടും ഇഷ്ടക്കേടു കാട്ടിയിട്ടും ബിജെപി കാണിക്കുന്ന സ്നേഹത്തെ എന്തുപേരിട്ട് വിളിക്കും. യോഗിയ്ക്കാണെങ്കില് യുപിക്കാരെക്കാള് പ്രിയം ഇപ്പോള്‍ മലയാളികളോടാണ്. മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ യോഗിയും കൊലവിളി പ്രസംഗം നടത്തിയയോഗിയും അല്ലത്രെ ഈ യോഗി. ഇത് വേറെ യോഗി. അതിനുള്ള സര്‍ട്ടിഫിക്കറ്റ് ഒക്കെ ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തയ്യാറാക്കിയിട്ടുണ്ട്.
ഒരു ഹിന്ദു പെണ്ണിനെ കടത്തിയാല്‍ നമ്മള് നൂറു മുസ്ലിം പെണ്ണുങ്ങളെ കടത്തണം പോലും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍ നൂറു മുസ്ലിങ്ങളെ കൊല്ലണമത്രെ. ഇതൊക്കെ പറയുന്ന യോഗിയാണ് നമ്മുടെ നാട്ടില്‍ സമാധാനം പുലര്‍ത്താന്‍ ഓടിനടക്കുന്നതെന്ന് കാണുമ്പോഴാണ് കലികാലം എന്തൊരുതമാശക്കാലമാണെന്ന് മനസിലാവുന്നത്.