ബിജെപി കേന്ദ്രത്തിലിരുന്ന് രാജ്യത്ത് പലവിധ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തുമ്പോള്‍ ഇവിടെ കേരളത്തില്‍ ബിജെപിക്കെതിരെ സര്‍ജിക്കില്‍ സ്ട്രൈക്ക് നടത്തുന്ന ഒരു കൂട്ടരുണ്ട്, ബിഡിജെഎസ്. ആ പാര്‍ട്ടിയുടെ മുഴുവന്‍ പേര് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനുപോലും അറിയാത്തതുകൊണ്ട് നാട്ടുകാര്‍ക്കും അറിയില്ല. പക്ഷേ എന്‍ഡിഎയില്‍ ഇരുന്നുകൊണ്ട് ഇടയ്ക്കിടെ കുമ്മനത്തിനും സംഘത്തിനും ഇട്ട് പണികൊടുക്കുന്ന ടീംസാണ്. ഇതിപ്പോ വേങ്ങര തിരഞ്ഞെടുപ്പെത്തിയല്ലോ. കൃത്യസമയം അച്ഛന് വെള്ളാപ്പള്ളി പിണറായി വിജയനെ പോയികാണ്ടു. മകന് വെള്ളാപ്പള്ളി എന്‍ഡിഎ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതാണ് കേരള രാഷ്ട്രീയത്തിലെ പലരുടേയും മനംമാറ്റത്തിന് വഴിവച്ചത്. ഒന്ന് കെ.എം. മാണിയാണ്. അദ്ദേഹം അടുത്തുതന്നെ യുഡിഎഫിലേക്ക് തിരിച്ചുകയറും. കുരുപൊട്ടിയ മറ്റേ ടീംസാണ് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളിയെ എത്രയും പെട്ടന്ന് എവിടെയെങ്കിലും പിടിച്ച് ഇരുത്തിയില്ലെങ്കില്‍ തോന്നിയ വഴിക്ക് അവരും പോകും. ഇതൊക്കെ കാണുമ്പോഴാണ് കണ്ണന്താനത്തെ പ്രമുഖ മാനസാന്തരവിദഗ്ധന് എന്നൊക്കെ വിളിക്കാന്‍ തോന്നുന്നത്.