ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി അതിന്റെ ശത്രുവിനെ വെറും ശത്രുവല്ല മുഖ്യശത്രു ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രത്യയശാസ്ത്ര അടിത്തറയിലൊക്കയുള്ള ഒരു പാര്‍ട്ടിക്ക് ആദ്യം വേണ്ടബോധം മിത്രങ്ങളെ അറിയില്ലെങ്കിലും ശത്രുവിനെ അറിയാമെന്നതാണല്ലോ. എന്നാല്‍ സിപിഎം അങ്ങനെ ഒന്നിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് തോന്നും പിബി യോഗത്തിലെ ചര്‍ച്ചയൊക്കെ കണ്ടാല്‍. കോണ്‍ഗ്രസ് ശത്രുവാണെന്ന് പൊതുഅഭിപ്രായമൊക്കെയുണ്ട്. പക്ഷേ മുഖ്യശത്രു കോണ്ഗ്രസാണോന്ന കാര്യത്തിലാണ് ഇപ്പോഴത്തെ തര്‍ക്കം. കോണ്‍ഗ്രിസിനെ ശത്രുപക്ഷത്ത് കണ്ടതുതന്നെ അതിനെ പ്രതിരോധിച്ച് സിപിഎം വളരാനായിരുന്നു. എന്നാല്‍ സംഭവിച്ചത് കോണ്‍ഗ്രസും തോറ്റു സിപിഎമ്മും തോറ്റു പകരം ബിജെപി അധികാരവും പിടിച്ചു. ഈയൊരുവസ്ഥയില്‍ ആര്‍ക്കായാലും ശത്രുതാവിഷയങ്ങളില് ചില കണ്‍ഫ്യൂഷനൊക്കെ വരാവുന്നതാണ്.
ബിജെപി അധികാരം പിടിച്ചശേഷം ഉണ്ടായ സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളിലെ മാറ്റങ്ങള്‍ യെച്ചൂരി സഖാവ് മനസിലാക്കുന്നുണ്ടെങ്കിലും കാരാട്ട് സഖാവിന് ഇപ്പോഴും കോണ്‍ഗ്രസിനെയാണ് പേടി. സിപിഎം കേരളഘടകത്തെപ്പോലെ. കേരളഘടകത്തിന് അങ്ങനെ പറയാം. ഇവിടെ ബിജെപി വല്യ ശക്തിയൊന്നും അല്ലല്ലോ. പക്ഷേ ദേശീയരാഷ്ട്രീയത്തില്‍ അതാണോ അവസ്ഥ. ഇതൊന്നും അറിയാത്തതുകൊണ്ട് ഫാസിസത്തെപ്പോലും മനസിലാക്കാന്‍ കാരാട്ടിന് സാധിച്ചിട്ടില്ല. നാട്ടില്‍ ഫാസിസം ഇല്ലെന്നാണ് കുറച്ചു മുമ്പ് കാരാട്ട് സഖാവ് അഭിപ്രായം പ്രകാശിപ്പിച്ചത്. ഇതെല്ലാം സീതാറാം യെച്ചൂരി തന്നെ മുന്‍കൈയ്യെടുത്ത് പറഞ്ഞ് മനസിലാക്കേണ്ടിവരുന്നത് കുറച്ച് കഷ്ടമാണ്. ഈ നേരത്ത് രാജ്യസഭയിലേക്ക് യെച്ചൂരിയെ വീണ്ടും പറഞ്ഞയക്കേണ്ടതില്ല എന്നൊക്കെ തീരുമാനമെടുത്ത പാര്‍ട്ടിയല്ലേ. മനസിലാക്കാന്‍ സമയമെടുക്കും.
പിബി യോഗം ഡല്ഹിയിലായതുകൊണ്ടാണോ എന്തോ കെപിസിസി പ്രസിഡന്റ് എംഎം ഹസനും ഡല്‍ഹിയിലെത്തിയാണ് സിപിഎമ്മിനോട് കൊമ്പുകോര്‍ത്തത്. അതുകൊണ്ട് കേരളം വിട്ട് കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള പോരിന് വേദിയാവാന്‍ ഡല്‍ഹിക്ക് ഭാഗ്യവുമുണ്ടായി. ബിജെപിക്കാരനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവും സഖാവ് പിണറായി വിജയന്റെ മുഖത്തെ പാല്പുഞ്ചിരിയും സല്‍ക്കാരവും കണ്ടിട്ട് പാര്ട്ടിക്കാര്ക്കുവരെ കുരുപൊട്ടുന്നുണ്ട്. പിന്നെയാണോ ഹസന്ജിക്ക്.