പാവങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് പി.വി.അന്‍വര്‍ എം.എല്‍.എ. പാര്‍ക്കിന്റെ പേരില്‍നടക്കുന്നത് വെറും ആരോപണപ്രത്യാരോപണങ്ങളാണെന്ന് കരുതിയെങ്കില്‍ തെറ്റി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. പാവങ്ങളുടെ പടത്തലവന് പി.വി. അന്‍വറും രാജവാഴ്ച ഇഷ്ടപ്പെടുന്ന ആര്യാടന്മാരും തമ്മിലുള്ള യുദ്ധം. ആരാണ് നന്മ. ആരാണ് തിന്മ എന്നൊന്നും തല്ക്കാലം ചോദിച്ചേക്കരുത്.
ജനങ്ങള്‍ വോട്ടുചെയ്തു. അന്‍വര്‍ വാക്കുപാലിച്ചു. നിലമ്പൂര്‍ എംഎല്‍എ ഓഫീസിലിപ്പോള്‍ പാണക്കാട്ടേക്കാള് തിരക്കാണെന്നാണ് അന്‍വര്‍ ആരാധര്‍ പറയുന്നത്. ജനങ്ങളുടെ പട്ടിണി മാറ്റാന്‍ നാച്ചുറല്‍ പാര്‍ക്കുവരെ സ്ഥാപിച്ചു. ആര്യാടനാകട്ടെ രാജഭരണം നഷ്ടപ്പെട്ടതോടെ പ്രജകള്ക്കിടയിലാണ്. സ്വന്തം പാര്‍ട്ടിക്കാരുടെ പഞ്ചായത്ത് ഭരണക്കാരൊക്കെ അന്വറിനൊപ്പമാണെങ്കിലും നാട്ടുകാരെ അണിനിരത്തി പോരാടുമെന്നൊക്കെയാണ് ആര്യാടന് തട്ടിവിടുന്നത്. ആര്യാടന്റെ അങ്കംവിളികേട്ട് പാവം അന്‍വര്‍ പേടിച്ചുകരയുകയാണ് സുഹൃത്തുക്കളെ.
അതേറ്റു. അന്‍വറിന്റെ കണ്ണീര് കാണേണ്ടവര്‍ കണ്ടു. ദയാനിധിയായ അന്‍വറിനെ ആപല്‍ബാന്ധവനായ മുഖ്യമന്ത്രിക്കങ്ങ് പിടിച്ചു. ആര്യാടനോട് പണ്ടേ കലിപ്പുള്ള പിണറായി അന്‍വറിന് ക്ലീന്‍ ചിറ്റും നല്കി. സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പം മാത്രമല്ല, കയുന്നവര്ക്കൊപ്പവുമാണ്.
ഈ അന്‍വറൊക്കെ ആ തോമസ് ചാണ്ടിയെ കണ്ടുപഠിക്കണം. ഭൂമി കയ്യേറിയെന്ന് പറഞ്ഞാലൊന്നും കക്ഷി കുലുങ്ങില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് കിടിലം ഓഫറും. അതുകേട്ട് സത്യത്തില്‍ പ്രതിപക്ഷമൊന്നാകെ കോരിത്തരിച്ചുപോയി. ചാണ്ടിയുടെ ഭൂമികയ്യേറ്റം കണ്ടെത്താന്‍ സര്‍വം മറന്ന് ചെന്നിത്തലയും സംഘവും ഇനി ഇറങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.