പൊലീസുകാരെ കുടിച്ചവെള്ളത്തില് വിശ്വസിക്കരുതെന്നൊക്കെ കേട്ടത് ഇന്നുകൊണ്ട് ശരിയാണെന്ന് മനസിലായി. ഇതിപ്പോ ഒരു ജനതയുടെ ആത്മാവിഷ്കാരത്തെ ഒന്നടങ്കം പറ്റിച്ചുകളഞ്ഞില്ലേ അവര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി മാഡത്തെ വെളിപ്പെടുത്തുന്ന ദിവസമായിരുന്നു ഇന്ന്. പൊലീസ് പക്ഷേ ചതിച്ചു. സുനിയെ കോടതിയിലേക്ക് കൊണ്ടുവന്നതേയില്ല. പൊലീസ് പറ്റുമെങ്കില്‍ ഒരുകാര്യം ചെയ്യണം. ഇനി മേലില്‍ പള്‍സര്‍ സുനിയെ വായ്മൂടിക്കെട്ടിവേണം കോടതിയിലേക്ക് കൊണ്ടുപോകാന്‍. ഇതിപ്പോ സ്രാവ്, കുഞ്ഞന്‍ മീന്‍, കടലാമ, മാഡം എന്നൊക്കെ ഓരോന്ന് ചാനല്മൈക്കുകള്ക്കു മുന്നില്‍ വെളിപാടുപോലെ പറഞ്ഞുപോവും. ഇതൊക്കെ കേട്ട് നാട്ടുകാര്‍ അവരവരുടെ മനസിലിട്ട് സ്വന്തം നിലയ്ക്ക് പലതും ചിന്തിക്കും. കാത്തിരിപ്പിന്റെ വിഷമം പൊലീസിന് പറഞ്ഞാല്‍ മനസിലാവില്ലല്ലോ.