അതിരപ്പിള്ളി എന്നുകേട്ടതോടെ ഉമ്മന്‍ചാണ്ടി ഉഷാറായി. വികസനം എന്നുകേട്ടാല്‍ മുന്മുഖ്യമന്ത്രിയാണെന്ന കാര്യം പോലും കുഞ്ഞൂഞ്ഞ് മറക്കും. കാരണം ഭരിക്കുമ്പോള്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉച്ചരിച്ച വാക്ക് വികസനമെന്ന് മാത്രമാണ്. പുതുപ്പള്ളി എന്ന വാക്ക് വരെ രണ്ടാമതെയുണ്ടായിരുന്നുള്ളൂ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ വിടുന്ന പ്രശ്നമില്ല എന്ന് രമേശ് ചെന്നിത്തല പറയുകകൂടി ചെയ്തതോടെ ഉമ്മന്‍ചാണ്ടി പദ്ധതിക്കുവേണ്ടി രംഗത്തുവന്നു.
നമ്മള് അനുവദിക്കില്ല എന്നാണ് ചെന്നിത്തല പറയുന്നത്. ആരാണ് ഈ നമ്മള്. സഖാവ് കാനമാണെന്ന് കരുതിയെങ്കില്തെറ്റി. കാനത്തേക്കാള്‍ വലിയൊരുകൂട്ട് ചെന്നിത്തലയ്ക്ക് വീണുകിട്ടിയിട്ടുണ്ട്. അതും സ്വന്തം തട്ടകത്തുനിന്ന്. മറ്റാരുമല്ല വി.എം.സുധീരന്. രമേശും വിഎമ്മും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണപക്ഷത്തേക്കാള്‍ അതിരപ്പിള്ളി നടപ്പാക്കേണ്ട ആവശ്യം ഉമ്മന്ചാണ്ടിക്കാണിപ്പോള്.