തിരുവനന്തപുരത്തെയും ബാര്സലോണയെയും ട്വിന്‍ സിറ്റി അഥവാ ഇരട്ട നഗരമാക്കാനുള്ള പദ്ധതിയുമായി ശശിതരൂര്‍ എംപി കുറേ നടന്നതാണ്. ഒന്നും എവിടെയുമായില്ല. ഇപ്പോഴിതാ സിപിഎമ്മും ബിജെപിയും കൂടി മുന്‍കൈയെടുത്ത് അത്തരമൊരു ഇരട്ട ജില്ലാ പദവി കൊണ്ടുവന്നിരിക്കുന്നു. തിരുവനന്തപുരവും കണ്ണൂരുമാണ് പുതിയ പദ്ധതിപ്രകാരം ഇരട്ട ജില്ലകളാകുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാര്യത്തിലാണെന്ന് മാത്രം. ഒരുപാര്‍ട്ടി മറ്റേ പാര്‍ട്ടിക്കാരുടെ വീടാക്രമിക്കുക ആ പാര്‍ട്ടി ഈ പാര്‍ട്ടിക്കാരുടെ ആപ്പീസ് തകര്‍ക്കുക തുടങ്ങിയ കലാപരിപാടികളാണ് അജണ്ടയിലെ ആദ്യ ഇനങ്ങള്‍. അത് തുടങ്ങിക്കഴിഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചാല്‍ അതിനനര്‍ഥം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കൊല്ലാന്‍ ശ്രമിച്ചു എന്നാണ്. അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണെങ്കില്‍ പാര്ട്ടിക്കാര് നാടുനീളെ പണംപിരിച്ചുനടക്കുന്നതറിഞ്ഞ് പനിപിടിച്ച് പൂര്ണവിശ്രമത്തിലുമാണ്. അതിനിടയ്ക്കാണ് ഇന്നലെ ഓഫിസിലൊന്നു വന്നത്. ആ ദിവസം തന്നെ സിപിഎമ്മുകാര്‍ ഓഫിസ് ആക്രമിക്കുകയും ചെയ്തു. ഇനി കുമ്മനത്തിന്റെ പനിമാറാന്‍ സിപിഎം നടത്തിയ ഒരു സൈക്കോളജിക്കല്‍ മൂവായിരുന്നോ ഇതെന്നാണ് സംശയം.
സിപിഎം കൗണ്‍സിലര്‍ ഐപി ബിനു അടക്കം നാലുപേരെ സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപി ബിനു കുറച്ച് ദിവസം മുമ്പ് ഈ ബിജെപി ഓഫിസില്‍ കൊതുകിനെക്കൊല്ലാനുള്ള ഫോഗിംഗ് നടത്താന്‍ പോയിരുന്നു. ഡങ്കി പ്രതിരോധമാണെന്നാണ് എല്ലാവരും കരുതിയത്. ആവശ്യം വന്നാല്‍ ബിജെപി ഓഫിസില്‍ കല്ലെറിയാനുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനായിരുന്നു ആ യാത്രയെന്ന് ഇപ്പോഴാണ് മനസിലായത്. പക്ഷേ, സിസി ടിവി ഉള്ള സ്ഥലങ്ങള്‍ നോക്കി വക്കാന്‍ മറന്നു പോയി. അതോ ഈ നരേന്ദ്ര മോദിയെപ്പോലെ ക്യാമറ ഉള്ള സ്ഥലം നോക്കി നിന്ന് പെര്‍ഫോം ചെയ്തതാണോ എന്നറിയില്ല.
പാര്‍ട്ടിക്കു വേണ്ടി ജീവന് പണയം വച്ച് രാത്രി പോയി എതിര്‍പാര്‍ട്ടിയുടെ ഓഫിസ് തകര്‍ത്ത ഐപി ബിനുവിനെ സിപിഎം സസ്പെന്‍ഡ് ചെയ്തത് തീരെ ശരിയായില്ല. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്ത് ഇത്തരം വിപ്ളവ പ്രവര്‍ത്തനങ്ങളേ ഒരു സഖാവിന് ചെയ്യാന്‍ കഴിയൂ. ബിനുവിന്റെ വീട് ആക്രമിച്ചാണ് ബിജെപിക്കാര്‍ അദ്ദേഹത്തെ സ്വന്തം ആപ്പിസിലേക്ക് ക്ഷണിച്ചത്. ഐപി ബിനുവും സംഘവും ആക്രമിക്കാന്‍ വന്നപ്പോള്‍ പൊലീസ് പക്ഷേ ആ ബഹുമാനം കാണിച്ചു. സല്യൂട്ടടിച്ചില്ലന്നേയുള്ളു. അറ്റന്‍ഷനായി നിന്ന് വേണ്ട പ്രോല്‍സാഹനം കൊടുക്കാന്‍ ഭൂരിപക്ഷം പൊലീസുകാരും ശ്രദ്ധിച്ചു. നാളെ ഈ ബിനുവൊക്കെ ആഭ്യന്തര മന്ത്രിയാവില്ലെന്ന് ആരു കണ്ടു. ഇപ്പഴേ ബഹുമാനിക്കുന്നത് നല്ലതാണ്.
മെഡിക്കല്‍ കോളജ് കോഴ ആരോപണം വന്ന ശേഷം പുറത്ത് കാണാത്ത കുമ്മനത്തെ കാണാനായി എന്നൊരു നല്ല കാര്യം ഈ സംഭവം മൂലമുണ്ടായി. കുമ്മനത്തിനത്തിനെ ആക്രമിക്കാനായിരുന്നു പരിപാടിയെന്നൊക്കെ ബിജെപി ആരോപിക്കുന്നത് വെറുതെയാണ്. കുമ്മനം ഇങ്ങനെ ബിജെപി പ്രസിഡന്റായിരിക്കുകയാണ് സിപിഎമ്മിനു വേണ്ടത്. അതുകൊണ്ട് അദ്ദേഹം പേടിക്കുകയേ വേണ്ട.
തിരുവനന്തപുരത്ത് ഇതുപോലെ രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു പോലും. ഭാഗ്യത്തിന് ആ മുന്നറിയിപ്പ് ആരും കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമോ. പൊലീസ് എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനായിരിക്കണം. ഒരു വിഭാഗം കൊടുക്കുന്ന റിപ്പോര്‍ട്ട് മറ്റൊരു വിഭാഗം കാണാന്‍ കൂടി പാടില്ല.
ഏതായാലും നിലവിലെ കോഴക്കഥകളുടെ അവസ്ഥയില്‍ ഒരരുക്കായിരുന്ന ബിജെപിക്ക് സിപിഎം മനസറിഞ്ഞ് നല്കിയ ഗംഭീരന്‍ സമ്മാനമാണ് ഈ ഓഫിസ് ആക്രമണം. ഐ.പി.ബിനു ഈ ഓഫിസിന്റെ ഐശ്വര്യം എന്ന് എം.ടി.രമേശും സംഘവും പോസ്റ്റൊറൊട്ടിച്ചാലും അധികമാവില്ല. ഇതാണ് പറയുന്നത്, രാഷ്ട്രീയത്തില്‍ ആരാണ് എപ്പോഴാണ് ഭാഗ്യം കൊണ്ടുവരാന്ന് പറയാന്‍ പറ്റില്ല എന്ന്. ശത്രുവരെ ജാതകദോഷം തിരുത്തിത്തരും.