സംശയിക്കണ്ട. ദിലീപിനെപ്പറ്റി തന്നെയാണ് ആദ്യം. ദിലീപിന്റെ പൊലീസ് കസ്റ്റഡിയിലെ പൊറുതി ഒരുനാള്‍ കൂടി നീട്ടിക്കിട്ടി. എന്നുവച്ചാല്‍ നാളെ വൈകിട്ട് അഞ്ചുമണി വരെ. ഇന്ന് കോടതിയില്‍ ദിലീപിന് പൊലീസിനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നു. തനിക്ക് കാക്കിക്കാരെക്കുറിച്ച് പരാതിയേ ഇല്ലെന്ന് ദിലീപ് പറഞ്ഞു. എത്രയോ തവണ കാക്കി വേഷമിട്ട് അഭിനയിച്ചയാളാണ്. അങ്ങനെയങ്ങ് തള്ളിപ്പറയാന്‍ പറ്റില്ലല്ലോ. പക്ഷേ , ആ മര്യാദ പൊലീസുകാര്‍ തിരികെ കാണിച്ചില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു കളഞ്ഞു. രോഗി ചികില്‍സയോട് സഹകരിക്കുന്നതു പോലെ പ്രതി അന്വേഷണത്തോട് സഹകരിക്കില്ലല്ലോ. പൊലീസ് ക്ലബിലെ ദിലീപിന്റെ നിസ്സഹകരണ പ്രസ്ഥാനം വിജയിക്കുമോ എന്ന് കണ്ടറിയണം. അതോ ഇനി പൊലീസ് ശരിക്കും പോലീസാകുമോ? എന്തായാലും പൊലീസുമൊത്തുള്ള സഹവാസം ദിലീപിന് നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.സഞ്ചാരവും സംസാരവും എല്ലാം പൊലീസിനൊപ്പം. വേറെ ഏത് താരത്തിനു കിട്ടും ഈ സൗഭാഗ്യങ്ങള്‍
ഷൂട്ടിങ്ങിന്റെയും ബിസിനസിന്റെയും തിരക്കുകള്‍ക്കിടയില്‍ ദിലീപ് മനസുരുകി പ്രാര്‍ഥിച്ചിരുന്നു പോലും. ദൈവമേ എനിക്കല്പം റസ്റ്റ് തരണേ എന്ന്. ദൈവം അത് കേട്ടത് അറസ്റ്റ് തരണേ എന്നാണെന്ന് തോന്നുന്നു. അങ്ങനെകിട്ടിയ അറസ്റ്റായി ഇതിനെ കാണാനായിരിക്കും കടുത്ത വിശ്വാസിയായ ദിലീപിന് താല്പര്യം. അതിനിടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുങ്ങി. മുതലാളിക്ക് ഒരു കഷ്ടകാലം വരുമ്പോള്‍ മാനേജര്‍മാര്‍ ഇങ്ങനെ തന്നെ ചെയ്യണം. ശരിയായ മാനേജര്‍ മുതലാളിക്കൊപ്പം ജയിലിലും കാര്യങ്ങള്‍ മാനേജ് ചെയ്യുന്നയാളായിരിക്കണം. ചില്ലറക്കാരനല്ല അപ്പുണ്ണി. അഞ്ച് നമ്പരുകളുണ്ടത്രേ. എല്ലാം സ്വിച്ചോഫ്. അപ്പുണ്ണിയുടെ ബാക്കി നമ്പരുകള്‍ പൊലീസിന്റെ കയ്യില്‍ കിട്ടിയാലേ പുറത്തറിയൂ. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ദിലീപിന്റെ വക്കീലും പ്രോസിക്യൂഷന് വക്കീലും കോടതിക്കകത്തും പുറത്തും വാക്കുകൊണ്ട് ഏറ്റുമുട്ടി. ശരിക്കുള്ള ഏറ്റുമുട്ടല്‍ ഇനി വരാനിരിക്കുന്നതേയുള്ളു. ഇതൊരു സാംപിള്‍ മാത്രം