സത്യത്തില്‍ ഇന്നായിരുന്നു കേരളത്തില്‍ മദേഴ്സ് ഡേ. മലയാളികള്‍ മുഴുവന്‍ അമ്മേയെന്ന് വിളിച്ച ദിവസമായിരുന്നു ഇന്ന്. സിനിമാക്കാരുടെ അമ്മയെ ആണെന്ന് മാത്രം. നടിയെ ആക്രമണം ചെയ്ത സംഭവം അമ്മയുടെ പൊതുശരീരത്തില്‍ ചര്‍ച്ചക്ക് വന്നത് ഇന്നായിരുന്നു. സിനിമാക്കാരുടെ കാര്യമാകുമ്പോള്‍ എല്ലാം സിനിമാ സ്റ്റൈലിലായിരിക്കും. ഇന്നത്തെ യോഗത്തിന് തൊട്ടുമുമ്പായി ദിലീപിന്റെ ചോദ്യം ചെയ്യല്‍ നടന്നു. റിലീസിന്റെ തലേന്ന് ടീസര്‍ ഇറക്കി ആകാംഷ കൂട്ടും പോലെ. അതൊരു ഡേ നൈറ്റ് മാച്ച് പോലായിരുന്നു. മൊഴിയെടുക്കലിന് ദിലീപ് കാള്‍ ഷീറ്റു കൊടുത്തപ്പോള്‍ അതിങ്ങനെ നീണ്ടു പോകുമെന്ന് കരുതിക്കാണില്ല. പൊലീസുകാര്‍ക്ക് ആക്ഷന്‍ തുടങ്ങാനേ അറിയൂ കട്ടുപറയാനറിയില്ല
13 മണിക്കൂര്‍ മൊഴിയെടുക്കല്‍ നടന്നത്രേ. ഒരു മണിക്കൂര്‍ കൂടി എടുത്തിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡിനൊപ്പം എത്താമായിരുന്നു. സോളാര്‍ കമ്മിഷനില്‍ അദ്ദേഹം കൊടുത്ത മൊഴി 14 മണിക്കൂറായിരുന്നല്ലോ. ദിലീപും നാദിര്‍ഷായും അകത്തു പോയതു മുതല്‍ കേരളം കാത്തിരിക്കുകയായിരുന്നു. മൊഴിയെടുക്കല്‍ നടന്ന പൊലീസ് ക്ലബിനു ചുറ്റും റിപ്പോര്‍ട്ടര്‍മാരും. ആകാംഷ സഹിക്കാന്‍ വയ്യാതായപ്പോള്‍ നടന് സിദ്ദിഖ് വണ്ടിയുമെടുത്ത് നേരെ പൊലീസ് താവളത്തിലെത്തി. സിനിമയിലെങ്ങാനുമായിരിക്കണമായിരുന്നു. നേരെ കേറിച്ചെന്ന് പൊലീസിനെ ഇടിച്ചു വീഴ്ത്തി ദിലീപിനെയും കൂട്ടി സിദ്ദിക് ഇറങ്ങി വന്നേനെ. ഒരു സ്ലോ മോഷനില്‍. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ക്ലാപ്പും ഒപ്പം. ഇതു പക്ഷേ സിനിമയിലല്ലാതായിപ്പോയി. അല്ലെങ്കില്‍ കാണാമായിരുന്നു.
സിദ്ദിക്ക് പറഞ്ഞതില്‍ ഒരു വലിയ കാര്യമുണ്ട്. ഈ പൊലീസ് , കോടതി എന്നൊക്കെ പറഞ്ഞാല്‍ ഇന്നും നമ്മള്‍ക്ക് പഴയ നാട്ടിന്‍പുറം മാനസികാവസ്ഥയാണ്. ടെലിഗ്രാം വന്നു എന്നു പറഞ്ഞാല്‍ മരണ വാര്‍ത്തയാണെന്ന് ഉറപ്പിക്കുന്ന രീതിയുണ്ടല്ലോ. അതുപോലെ പൊലീസ് വിളിപ്പിച്ചെന്ന് കേട്ടാല്‍ കുറ്റവാളിയെന്നങ്ങ് ഊഹിക്കും. പൊലീസിന് കുറ്റവാളിയെ കണ്ടെത്താനാണ് ഈ നടപടിയെന്നൊന്നും ആലോചിക്കാന്‍ ആരും മിനക്കെടില്ല. ഇവിടെ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരായി തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹത്തെ പ്രതിയാക്കിയിട്ടുമില്ല. പൊലീസിനങ്ങനൊക്കെ പറയാം. ദിലീപിന്റെ ടൈം ഏതായാലും. നല്ല ബെസ്റ്റ് ടൈം .