നടീനടന്മാരുടെ സംഘടനയായ അമ്മയുടെ യോഗം ഇന്ന് കലക്കി. നിലവിലെ പ്രശ്നങ്ങളില്‍ അവരൊരു സമദൂര നിലപാടെടുത്തു. എന്നുവച്ചാല്‍ എല്ലാവരും അമ്മയുടെ മക്കളാണെന്ന ലൈന്‍. അതില്‍ ആക്രമണത്തിനിരയായ നടിയുണ്ട്. ആ നടിയെ നുണപരിശോധന നടത്തണമെന്ന് പറഞ്ഞ നടനുണ്ട്. പ്രതിയും നടിയും പരിചയക്കാരായിരുന്നെന്ന് പറഞ്ഞ താരമുണ്ട്. എല്ലാരുമുണ്ട്. എല്ലാരും അമ്മക്ക് ഒരുപോലെയാണെന്ന്. അങ്ങനെയാണെങ്കില്‍ ആ സംഘടന അടിയന്തിരമായി ആ പേരങ്ങ് മാറ്റണം. കാരണം, വേദനിപ്പിച്ച മകനും വേദനക്കിരയായ മകളും ഒരുപോലെയാണെന്ന് ഒരമ്മയും പറയില്ല. പറഞ്ഞാല്‍ അവര്‍ നല്ലൊരമ്മയല്ല
യോഗമൊക്കെ ജോറായി കഴിഞ്ഞിട്ടുള്ള വാര്‍ത്താസമ്മേളന അതിലും ഗംഭീരമായി. ഒരു എംപിയും രണ്ട് എംഎല്‍എമാരും ഉള്ള ഭാരവാഹി നിരയായിരുന്നു മാധ്യമങ്ങളെ നേരിടാന്‍ തയാറായിരുന്നത്. നടിയെ ആക്രമിച്ച സംഭവത്തെിലെ നിലപാട് ചോദിച്ചാല്‍ കേരളത്തിലെ മറ്റേത് മനുഷ്യനും പറയുന്ന മറുപടിയേ ഇവര്‍ക്കും പറയാനുള്ളു. വേദന പങ്കിടുന്നു. നിയമത്തില്‍ വിശ്വാസമുണ്ട് എന്നൊക്കെ. ആക്രമണത്തിന് ഇരയായ നടിക്കെതിരായി പിന്നെ സംഘടനാംഗങ്ങളില്‍ നിന്ന് തന്നെ വന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെപ്പറ്റി ചോദിച്ചാല്‍ കേരളത്തിലെ മറ്റാരും പ്രതികരിക്കാത്ത പോലെ ഇവര്‍ പ്രതികരിക്കും. അത് കണ്ട് മറ്റംഗങ്ങള്‍ കൈയടിക്കും. ഈ ടീമില്‍ നിന്നൊക്കെയാണ് സ്ത്രീ സൗഹൃദ സിനിമകള്‍ പ്രതീക്ഷിച്ച് മലയാളി കാത്തിരിക്കുന്നത്
ഒറ്റക്കെട്ടൊക്കെ നല്ലതാണ്. പക്ഷേ, ന്യായം പറയാന്‍ വരുന്നവരെ ഒറ്റപ്പെടുത്തിയ ശേഷമുള്ള ഒറ്റക്കെട്ടാകരുത്. ഏതായാലും ഈ ഒറ്റക്കെട്ടില്‍ തന്നെയുള്ള വിമന്‍ ഇന്‍ സിനിമ കലക്ടീവ് വനിതാ കമ്മിഷന് പരാതി കൊടുക്കാന്‍ പോകുന്നു. ബാക്കി ഒറ്റക്കെട്ട് പിന്നെക്കാണാം. ഈ കേസിലെ നിയമയുദ്ധം തുടങ്ങാന്‍ പോകുന്നതേയുള്ളു. അത് കലക്കും. കാരണം പ്രതിഭാഗത്തിന് വക്കീല്‍ വന്നിട്ടുണ്ട്. അതും അങ്ങ് മുംബൈയില്‍ നിന്ന്.