പിണറായി വിജയന്റെ പൊലീസ് നയം ഒരു പരീക്ഷണ ഘട്ടം കൂടി കടന്നു. സമരക്കാരെ കണ്ടാല്‍ കലിയിളകുന്ന നയം ലോക്നാഥ് ബെഹ്റയുടെ സംഭാവനയാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഇപ്പോള്‍ ഡിജിപി സ്ഥാനത്ത് സെന്‍കുമാര്‍ വരുമ്പോള്‍ നയം മാറി പൊലീസുകാര്‍ മര്യാദക്കാരാകുമോ എന്നൊരാശങ്ക ചിലര്‍ക്കുണ്ടായിരുന്നു. ഭാഗ്യം. ഒന്നും സംഭവിച്ചില്ല. പാവങ്ങളെ കണ്ടാല്‍ ഓടിച്ചിട്ടു തല്ലുക എന്ന നയം എറണാകുളത്തെ പോലീസുകാര്‍ പുതുവൈപ്പില്‍ ഐഒസി വിരുദ്ധ സമരത്തില്‍ ഭംഗിയായി നടപ്പാക്കി. യതീഷ് ചന്ദ്ര എന്ന ഡിസിപി ഇക്കാര്യത്തില്‍ മറ്റു പോലീസുകാര്‍ക്ക് മാതൃകയായി
ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രം അങ്ങനെ കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. വലിയ വലിയ പ്രകോപനങ്ങള്‍ പൊലീസിനു നേര്ക്കുണ്ടാകുമ്പോള് പോലും സമാധാനം പാലിക്കാന്‍ അറിയാവുന്നവരാണ് നമ്മുടെ പൊലീസ്. പിന്നെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിനു നേര്‍ക്കുള്ള അക്രമം. എന്നുവച്ചാല്‍ അടിക്കാന്‍ തീരുമാനിച്ചിട്ട് അടിച്ചത് തന്നെയെന്ന്. ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി ചരിത്ര പരമായ തന്റെ ദൗത്യം നിറവേറ്റി. മുമ്പ് തന്റെ കാലത്ത് പൊലീസ് അതിക്രമങ്ങളുടെ പേരില്‍ പരാതി വന്നിരുന്നപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പറഞ്ഞു കൊണ്ടിരുന്ന ആ ദേഹം, ഇത്തവണ പൊലീസിനെതിരെ രംഗത്ത് വന്നു. ഭരണം മാറുമ്പോള്‍ അങ്ങനെ വേണമല്ലോ
കോമഡികള്‍ ഇവിടം കൊണ്ടും തീരുന്നില്ല. ഡിസിപി യതീഷ് ചന്ദ്രയെ മാറ്റും വരെ സമരം തുടരുമെന്നാണ് സമര സമിതി ഇപ്പോള്‍ പറയുന്നത്. വഴിയെപ്പോകുന്നവര്‍, സമരരംഗത്ത് നിന്ന് ഒറ്റപ്പെട്ടു നില്ക്കുന്നവര്, കീഴടങ്ങിയവര്‍ തുടങ്ങിയവരുടെ നെഞ്ചത്ത് കയറുകയാണ് ഈ സാറിന്റെ പരിപാടി. പണ്ട് പാര്‍ട്ടിക്കാരെ തല്ലിയപ്പോള്‍ ഈ യതീഷ് ചന്ദ്ര ആളൊരു അലമ്പനാണെന്നും പൊലീസ് പണിക്ക് കൊള്ളില്ലെന്നും പറഞ്ഞിരുന്ന ഒരു സിപിഎം ജില്ലാ സെക്രട്ടറി എറണാകുളത്തുണ്ടായിരുന്നു. ഇപ്പോള്‍ എവിടയാണോ എന്തോ ? വേറെവിടെയും പോയിട്ടില്ല. അദ്ദേഹം തന്നെയാണ് ഇപ്പോഴും ജില്ലാ സെക്രട്ടറി