എന്തായാലും നോട്ട്നിരോധനത്തിനെതിരെ പ്രതിഷേധം ഉണ്ടായതുപോലെയല്ല, ബീഫ് കിട്ടില്ലാന്നറിഞ്ഞപ്പോള് മലയാളികള്‍ റോഡിലേക്കിറങ്ങിയത്. അതുകൊണ്ടെന്താ ചിലപ്പോ മോദിസര്‍ക്കാരിന്റെ ഉത്തരവിന് ഭേദഗതിയൊക്കെ പ്രതീക്ഷിക്കാം. കോടതി വരെ വിശദീകരണം ചോദിച്ച സ്ഥിതിക്ക് പോത്തിനേയും എരുമയേയും വിശുദ്ധ ഗണത്തില്‍ നിന്ന് ഡീപ്രമോട്ട് ചെയ്ത് തടികഴിച്ചിലാക്കാനായിരിക്കും സാധ്യത. അങ്ങനെ ആടിന്റെ ഒറ്റപ്പെടലിന് ഒരുപരിഹാരവും ആവും. കോഴിയുടെ കാര്യം പിന്നെ പറയാനില്ലല്ലോ. ആരുവന്നാലും പിടിവീഴും. അപ്രതീക്ഷിതമായി കൈവന്ന വിശുദ്ധ പദവിയില്‍ ഒട്ടകത്തിന് ഇനിയും രണ്ടടി അധിതം തലയുയര്‍ത്തി നടക്കാവുന്നതുമാണ്. ഗോമാതാവിന്റെ അടുത്ത് വകയില്‍ ഒരു അമ്മാവനായി കഴിഞ്ഞുകൂടാം. ഇനിയിപ്പോ മുഖ്യമന്ത്രി പിണറായി വിജയന്റെ വമ്പത്തരത്തിനു മുന്നില്‍ മോദിസര്‍ക്കാര്‍ ചൂളിപ്പോയി എന്ന് വേണമെങ്കില്‍ ഫാന്‍സുകാര്‍ക്കും പറയാം.
ഇങ്ങനെ പോത്തിനേയും എരുമയേയും കൊല്ലാമെന്നും തിന്നാമെന്നും തിരുത്ത് വരികയാണെങ്കില്‍ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കനത്ത ശാപം മോദിക്കും കൂട്ടര്‍ക്കും കിട്ടും. അമ്മാതിരി പണിയല്ലേ കിട്ടിയിരിക്കുന്നത്. ദാദ്രി കൊലപാതകത്തിന്റെ കാലത്ത് ഡിവൈഎഫ്ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ പോയി ബീഫും പൊറോട്ടയും കഴിച്ച സമയത്ത് ഉറപ്പിച്ചതാണ് ഇനിയൊരു അവസരം വന്നാല്‍ നമ്മള്‍ക്കും ഒരു ഫെസ്റ്റ് നടത്തണമെന്ന്. അങ്ങനെ ഇത്തവണ സംഗതി ഒത്തുവന്നപ്പോള്‍ പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല. നടുറോഡില്‍ വച്ച് അറക്കലും തിന്നലും വരെ നടത്തി വേറിട്ട ഉല്‍സവം തന്നെ സംഘടിപ്പിച്ചു. പക്ഷേ ഗാന്ധിയുടെ അഹിംസാപാരമ്പര്യം കാത്തുപോരുന്നവര്‍ ഗാന്ധിയെ മറന്നെങ്കിലും രാഹുല്‍ ഗാന്ധി എന്ന സസ്യാഹാരിയെ മറക്കരുതായിരുന്നു. ഇനിയുള്ള കാലത്ത് രാഹുല്‍ ഗാന്ധിയുടെ അഹിംസാവചനങ്ങളെങ്കിലും മറക്കാതിരുന്നാല്‍ നല്ലത്.