രാജ്യം നേരിടുന്ന വലിയ ആരോഗ്യവിപത്താണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കേറി കേറി ജീവിതം തന്നെ പ്രതിസന്ധിയിലായ പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലക്ഷ്യം. അതിന് ആദ്യം വേണ്ടത് കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന സാധനത്തെ നിരോധിക്കലാണ്. ഈ നിരോധിക്കല്‍ എന്നുവച്ചാല്‍ തന്നെ മോദി സര്‍ക്കാരിന് വളരെ ഹരം പിടിച്ച ഒരു പരിപാടിയാണ്. കള്ളപ്പണം കൂടുമ്പോള്‍ നോട്ട് നിരോധിക്കും. ഇതിപ്പോ കൊളസ്ട്രോള്‍ കൂടുതലാണെന്ന് പഠനം വല്ലതും വന്നുകാണും. ഇനി ഇല്ലെങ്കില്‍ ഭാരതീയ വിചാരകേന്ദ്രം വഴി ഒരു പഠനറിപ്പോര്‍ട്ട് ഉടന്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഏതായാലും കന്നുകാലി വില്പന നിരോധിക്കുക എന്നുപറഞ്ഞ് വളഞ്ഞ വഴിയില്‍ ബീഫ് തിന്നുന്ന പരിപാടിയും നിരോധിക്കപ്പെട്ടിരിക്കുന്നു. ബീഫ് ഇനി മുതല്‍ രാജ്യവിരുദ്ധമാണ്.
അച്ഛേ ദിന് വരുന്നു എന്നു പറഞ്ഞ് മോദി അധികാരത്തില്‍ വന്നിട്ട് കൃത്യം മൂന്നാം വാര്‍ഷികത്തിലെ സര്‍ജിക്കല്‍ സ്ട്രൈക്കായിപ്പോയി ഇത്. അല്ലെങ്കില്‍ നാട്ടിലെ ജനങ്ങളെ പരിഭ്രാന്തരരാക്കി ആളാവുക എന്നതാണല്ലോ പ്രഖ്യാപിത നയം. ഏതായാലും രാത്രി ക്യാമറക്കുമുന്നില്‍ കോട്ടിട്ട് വന്ന് ഈ നിരോധനം കൂടി അങ്ങട്ട് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ സംഗതി വേറെ ലെവലാവുമായിരുന്നു. കേരളത്തില്‍ ഇതൊക്കെ കേട്ട് സന്തോഷിക്കുന്ന ഒരാള്‍ കെ.സുരേന്ദ്രനാവും. പണ്ട് ഒരു ഉള്ളിക്കറി കഴിച്ച് പെട്ടുപോയതാണ്. ഇനി ധൈര്യമായി ഉള്ളിക്കറി കഴിക്കാം. ആരും ബീഫെന്നും പറഞ്ഞ് വരില്ല. കാരണം ബീഫ് ഇനി കിട്ടാന്‍ വഴിയില്ലല്ലോ. പക്ഷേ നിരോധനപരിധിയില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ നാട്ടിലെ കോഴികളും ആടുകളും പന്നികളും അടിയന്തരമായി സംഘടിക്കേണ്ടതുണ്ട്. കോഴികളുടെ കാര്യം പോട്ടെ, ആടും പന്നിയും എന്തേ നാല്ക്കാലികളല്ലേ.