മുഖ്യമന്ത്രി പിണറായി വിജയന് 73 വയസായി. പിറന്നാള്‍ ആഘോഷമൊന്നും ഇല്ല. പക്ഷേ കഴിഞ്ഞ വര്‍ഷം ഇതേദിവസം അതായത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിന്റെ തലേന്നാണ് ഈ നാട്ടുകാര്‍ പിണറായിയുടെ പിറന്നാളിനെപറ്റി അറിഞ്ഞതുതന്നെ. അതിനുമുമ്പ് പിണറായിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു ആ പിറന്നാള്‍. രഹസ്യം പരസ്യമാക്കുന്നതിന്റെ ഭാഗമായി ലഡുവിതരണമൊക്കെ അന്നുണ്ടായിരുന്നു. ഇന്ന് പക്ഷേ ലഡുവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്നിട്ടും പ്രതിപക്ഷ നേതാവ് ആ പിറന്നാള്‍ ദിനം ഓര്‍ത്തിരുന്നു. അതുകൊണ്ട് നിയമസഭയില്‍ അദ്ദേഹം സീറ്റില്‍ നിന്ന് എണീറ്റതുതന്നെ ഹാപ്പി ബര്‍ത്ത് ഡേ പറയാനാണ്. ആ ആശംസയെ സ്പീക്കര്‍ സഭയുടെ പൊതുസ്വത്താക്കി മാറ്റുകയും ചെയ്തു. വഴിയെ പലതും വരാനുണ്ട് എന്നറിയാവുന്നതുകൊണ്ടാവണം പിണറായി വല്യ ഹാപ്പിയാകാനൊന്നും പോയില്ല.
പിണറായിയുടെ പിറന്നാള്‍ മാത്രമല്ല. പിണറായി സര്‍ക്കാരിന്റെ കടിഞ്ഞൂല്‍ പിറന്നാളും വരികയാണ്. രണ്ടും തമ്മില്‍ ഒരുദിവസത്തിന്റെ വ്യത്യാസം മാത്രമേയുള്ളു. വാര്‍ഷിക പരിപാടി നേരത്തെ തുടങ്ങിയതുകൊണ്ട് പലപല പരിപാടികളാണ് പലദിവസങ്ങളായി അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ക്ക ്മാത്രമുള്ള ആഘോഷപരിപാടിയായിരുന്നു. ഭരണപക്ഷത്തിന്റെ ആസ്ഥാന ഗായകന് രാമചന്ദ്രന് കടന്നപ്പള്ളിയാണ് കാവിലെ പാട്ടുമല്‍സരത്തിന് തുടക്കമിട്ടത്. എല്ലാം നിയന്ത്രിക്കാനും നടപ്പിലാക്കാനും സ്പീക്കറും ഉണ്ടായിരുന്നു.
കടന്നപ്പള്ളി പാടിയാല്‍ പിന്നെ പ്രതിപക്ഷത്തു നിന്ന് മറുപടി പാട്ടു നിര്‍ബന്ധമാണല്ലോ. വല്ല കവിതയോ മറ്റോ ആയിരുന്നെങ്കില്‍ എല്‍ദോസ് കുന്നപ്പള്ളിയോ, അഭിനയമായിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയോ ഇനി പ്രസംഗമോ മറ്റോ ആയിരുന്നെങ്കില്‍ തിരുവഞ്ചൂരോ ഇടപെട്ടേനെ. ഇത് പാട്ടല്ലേ. അപ്പോ പിന്നെ മുനീര്‍ സാഹിബാണ് യഥാര്‍ഥ മറുപടി. പാട്ടില്‍ എ.കെ.മുനീറിനെ വെല്ലാന്‍ തല്ക്കാലം ഭരണപക്ഷത്തുനിന്നുപോലും ഒരാളില്ല. ജൂനിയര്‍ യേശുദാസല്ലേ.