ബാഹുബലി രണ്ടാഭാഗം സത്യത്തില്‍ ആദ്യഭാഗത്തിന് മുമ്പുള്ള സിനിമയാണല്ലോ. അതുകൊണ്ടാണ് ആദ്യഭാഗം ദ ബിഗിനിങ് എന്നും രണ്ടാം ഭാഗത്തില്‍ ദ കണ്ക്ലൂഷന് എന്നൊക്കെ ടാഗ് ലൈന്‍ ഇട്ടത്. ടി.പി. സെന്‍കുമാറിന്റെ കാര്യത്തിലും അതാണ് സ്ഥിതി. ആദ്യതവണ ഡിജിപിയായി ഒപ്പിട്ടപ്പോള്‍ കിട്ടിയതിനേക്കാള്‍ ഗംഭീരവിജയമായിരുന്നു രണ്ടാം ഭാഗത്തിന് കിട്ടിയത്.
സെന്കുമാറെത്തുമ്പോള് ബഹ്റയെ വഴിയാധാരമാക്കാന്‍ പറ്റില്ലല്ലോ. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യത്തെ സ്റ്റാര്‍ കാസ്റ്റിങ് ആയിരുന്നല്ലോ അദ്ദേഹം. സര്‍ക്കാരിന്റെ പ്രകടനങ്ങളില്‍ ബഹ്റയുടെ സംഭാവന വളരെ വലുതുമാണ്. ഏതായാലും വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചതാണ് ഉപദേഷ്ടാക്കളുടെ ഭാഗത്തുനിന്നുണ്ടായ ബുദ്ധിപരമായി ഏകതീരുമാനം. ഇല്ലേല് സര്‍ക്കാര്‍ പെട്ടുപോയേനെ.
സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ആളിനെ രണ്ടുദിവസത്തിനുശേഷം പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ വന്നുകാണാന്‍ അനുമതി കൊടുത്തു. വല്യകാര്യം തന്നെ. സെന്‍കുമാറാണ് ഡിജിപി എന്ന് വ്യക്തത വരുത്താനാവണം മുഖ്യമന്ത്രി 48 മണിക്കൂര്‍ സമയം എടുത്തത്.
ലോക് നാഥ് ബഹ്റ ഹാപ്പിയാണ്. കിട്ടുന്ന സ്ഥാനമേതായാലും കാര്യങ്ങള്‍ അടിപൊളിയാക്കുക എന്നതാണ് പുള്ളിക്കാരന്റെ ഒരു ലൈന്‍. പിന്നെ സിബിഐ തൊട്ടിങ്ങോട്ട് ഒരുമാതിരിപ്പെട്ട എല്ലാ പൊലീസ് ടീമിലും പണിയെടുത്ത ആളായതുകൊണ്ട് എവിടെ ഇരുത്തിയാലും അങ്ങ് ശോഭിച്ചുകളയും. അതൊരു തെറ്റല്ല.