പാവം കെ എം മാണി. മലപ്പുറം തിരഞ്ഞെടുപ്പ് കഴിഞ്ഞ ആവേശത്തില്‍ കോണ്‍ഗ്രസുകാരൊക്കെ കൂടെ പറയുന്ന കേട്ടപ്പോള്‍ തോന്നി ഇന്നോ നാളെയോ മാണിയെ യുഡിഎഫില്‍ എഴുന്നെള്ളിക്കുമെന്ന്. ഇന്നിതാ എല്ലാം തകിടം മറിഞ്ഞു. കെപിസിസി താല്കാലിക അധ്യക്ഷന്‍ എംഎം ഹസ്സനായിരുന്നു മാണിയെ തിരിച്ചു കൊണ്ടുവരാനുള്ള ഉല്‍സവ കമ്മിറ്റി നേതാവായി വേഷം കെട്ടിയിരുന്നത്. ഇന്ന് അദ്ദേഹം പ്ലേറ്റ് തിരിച്ചിട്ടു. താല്കാലിക പ്രസിഡന്റ് പറയുന്ന കാര്യങ്ങള്‍ക്ക് താല്കാലിക പ്രാധാന്യമേ ഉള്ളു എന്ന് ഇനിയെങ്കിലും മനസിലാക്കണം. സ്ഥിരം പ്രസിഡന്റ് വന്നാലേ സ്ഥിരതയുള്ള അഭിപ്രായം പറയൂ
മലപ്പുറത്തെ ജയം തങ്ങളുടെ കൂടെ പിന്തുണയോടെയാണെന്നത് ഇന്നായപ്പോള്‍ ഹസ്സന് മാണിയുടെ അവകാശവാദം മാത്രമായി. ഇങ്ങനെയൊക്കെയുള്ള യുഡിഎഫില്‍ പോയി കേറണോ എന്ന് മാണിക്ക് ഒന്നുകൂടി ആലോചിക്കാന്‍ സമയം കിട്ടി എന്ന് കരുതിയാല്‍ മതിയല്ലോ. സംഭവിച്ചത് എന്താണെന്ന് വച്ചാല്‍, ഇന്ന് കെപിസിസി യോഗത്തില്‍ ഹസ്സനെ എല്ലാവരും കൂടി നിര്‍ത്തിയങ്ങ് പൊരിച്ചു. പിടി തോമസും ജോസഫ് വാഴയ്ക്കനുമായിരുന്നു പടനയിച്ചത്. പോനാല്‍ പോകട്ടു പോടാ എന്ന ലൈനായിരുന്നു ഇരുവര്‍ക്കും. കെഎം മാണി വന്ന് പ്രത്യേകിച്ചൊരു ശക്തിയും ഉണ്ടാക്കണ്ട എന്ന് മലയാളം. അങ്ങനെയാണ് യുഡിഎഫില്‍ താമസം ശരിയാക്കിക്കൊടുക്കാം എന്ന ഹസന്റെ വാഗ്ദാനം പൊളിഞ്ഞത്.