കേരളം മൊത്തത്തിലല്ലെങ്കിലും വലിയ ഒരു വിഭാഗം ഇപ്പോഴും ക്യൂവിലാണ്. പണ്ട് ഇങ്ങനെ ക്യൂ ചര്‍ച്ചയായത് നോട്ട് നിരോധനത്തെ തുടര്‍ന്നായിരുന്നു. ഇന്ന് മദ്യത്തിനുവേണ്ടിയാണ്. അന്ന് ബാങ്കിനുമുന്നില്‍ ആബാലവൃദ്ധം ജനങ്ങള്‍ ക്യൂനില്ക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ പലപ്രമുഖരും എന്നുവച്ചാല്‍ ബിജെപ്പിക്കാരും അനുഭാവികളും തിരിച്ചുചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, അതായത് മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതല്ലേ പിന്നെന്താണ് ബാങ്കില്‍ പോയി ക്യൂ നിന്നാലെന്ന്. ഏതായാലും ബാങ്ക് ക്യൂവിനുശേഷം മദ്യശാലക്യൂ വന്നപ്പോള്‍ അന്ന് ഈ രണ്ടു ക്യൂവും ഒന്നല്ല എന്നു പറഞ്ഞതിന്റെ അര്‍ഥം ഇന്നെങ്കിലും അവര്‍ക്ക് പിടികിട്ടിക്കാണണം. രണ്ടും ക്യൂവാണ്. രണ്ടും രണ്ടാവശ്യങ്ങളും. ആദ്യത്തേത് എല്ലാവര്ക്കും അവശ്യവും, രണ്ടാമത്തേത് ചിലര്‍ക്ക് അനാവശ്യവുമാണ്.
കുടിയന്മാരെ സംബന്ധിച്ച് നോട്ട് നിരോധനകാലത്ത് ജീവിതം തന്നെ വലിയൊരു ക്യൂവിലായിരുന്നു. പണം കിട്ടാന്‍ ബാങ്കിനു മുന്നില്‍ ക്യൂ. അത് കിട്ടിയിട്ടുവേണം മദ്യശാലയ്ക്ക് മുന്നില്‍ പോയി അടുത്ത ക്യൂ നില്ക്കാന്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ക്യൂ നിന്നവരും ഇവരാണ്. ഇനി പെന്ഷന് കിട്ടിയിട്ട് വേണം രണ്ടെണ്ണം അടിക്കാന്‍ എന്നുവിചാരിക്കുന്നവര്ക്ക് അതിലും വലിയ തലവേദനയും ഉണ്ടായിട്ടുണ്ട്. കാരണം ട്രഷറിയിലൊന്നും കാശില്ല. എന്നുവച്ചാല്‍ കൊടുക്കാന്‍ വേണ്ട നോട്ടില്ല എന്നര്‍ഥം. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും എല്ലാം ഓണ്‍ലൈന്‍ എന്നൊക്കെ പറഞ്ഞതുകൊണ്ട് നേരിട്ട് കാശ് കൊടുക്കേണ്ട സ്ഥലത്തൊന്നും മതിയായ നോട്ടില്ല. എടിഎമ്മുകള്‍ വരെ അങ്ങനെ വീണ്ടും കാലിയായി. കറന്‍സി രഹിത സമൂഹം എന്ന ആ സങ്കല്മുണ്ടല്ലോ, ഒരിടവേളയ്ക്ക് ശേഷം അത് വീണ്ടും മറനീക്കി പുറത്തുവരുകയാണ്.