മുഖ്യമന്ത്രി പിണറായി വിജയനെ എന്തു പറഞ്ഞു വിമര്‍ശിച്ചാലും സഹിക്കും. മോദിയുമായി ഉപമിക്കുന്നതൊഴികെ. പക്ഷേ, കറങ്ങിത്തിരിഞ്ഞു വരുമ്പോള്‍ എങ്ങനെയെങ്കിലുമൊക്കെ മോദിയുമായി സാദൃശ്യങ്ങള്‍ വന്നും പോകും. ഇപ്പോഴിതാ യോഗയുടെ പ്രചാരണവുമായി പിണറായി രംഗത്തിറങ്ങിയിരിക്കുകയാണ്. മോദി യോഗയെപ്പറ്റി പറഞ്ഞപ്പോഴായിരുന്നല്ലോ എല്ലാവര്ക്കും കുറ്റം. സ്വന്തമായി പ്രത്യയശാസ്ത്രമൊക്കെ ഉണ്ടെങ്കിലും സ്വന്തമായി ഒരു വ്യായാമ പദ്ധതി ഇല്ലാതെ പോയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടു തന്നെ യോഗയെ ആശ്രയിക്കേണ്ടി വരും.
പക്ഷേ മോദിയും പിണറായിയുമായി ഒരു കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. മോദി ഇതുപോലെ യോഗ പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് വെറും പ്രസംഗം വഴിയായിരിക്കില്ല. യോഗയിലെ ചില അഭ്യാസങ്ങള്‍ കാണിച്ചു കൊണ്ടായിരിക്കും. പിണറായിക്കെന്തായാലും അതു പറ്റില്ല. സിപിഎമ്മില്് നിന്ന് ആര്‍ക്കെങ്കിലും അതിനുള്ള കഴിവുണ്ടെങ്കില്‍ അത് വിഎസിനാണ്. പക്ഷേ വിഎസിന്റെ കാലത്ത് യോഗക്ക് ഇത്രയും പ്രചാരമുണ്ടായിരുന്നില്ല. വിഎസ് ആരെയും അത് പഠിപ്പിക്കാനും നിന്നില്ല. അല്ലെങ്കിലും അദ്ദേഹത്തിന് എല്ലാം സ്വന്തം കാര്യം മാത്രമാണല്ലോ. പിണറായിക്ക് വേണമെങ്കില്‍ യോഗ ക്ലാസെടുക്കുമ്പോള്‍ ഉദാഹരണമായി വിഎസിന്റെ കാര്യം പറയാവുന്നതാണ്
പിണറായി ഇങ്ങനെ യോഗ ആരാധകനായത് ഏതായാലും മോദിയെ കണ്ടിട്ടല്ല. വിഎസിന്റെ ആരോഗ്യം കണ്ടിട്ടുമല്ല. ഇതിലേതെങ്കിലുമാണെങ്കിലും അങ്ങനെയങ്ങ് സമ്മതിക്കാന്‍ പറ്റില്ലല്ലോ. അതിന് ഒരു റഷ്യന്‍ ബന്ധമുണ്ട്. ഇപ്പോള്‍ റഷ്യയാണെങ്കിലും പഴയ സോവിയറ്റ് യൂണിയനാണല്ലോ. അവിടത്തുകാരനൊരാള് പറഞ്ഞാല്‍ പിന്നെ കേട്ടേ തീരു. കമ്യൂണിസ്റ്റുകാര്‍ പണ്ടേ അങ്ങനെയാണ് റഷ്യക്കാരും ചൈനക്കാരുമൊക്കയാണ് ഇവിടുത്തെ കാര്യങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുത്തിരുന്നത്