മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യര്‍. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലാണ് വിദ്യാബാലനു പകരം മഞ്ജു വാര്യര്‍ നായികയാകുന്നത്. വിദ്യയുടെ പിന്മാറ്റത്തെത്തുടര്ന്ന് പാതിവഴിയില്‍ മുടങ്ങിയ ആമിക്ക് മഞ്ജുവാര്യരുടെ വരവ് പുതുജീവന്‍ പകരും.
കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ ബോളിവുഡ് താരം വിദ്യാബാലനെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ചുദിവസം മുന്‍പാണ് വിദ്യാബാലന് പിന്മാറിയത്. തിരക്കഥയെച്ചൊല്ലി വിദ്യയും കമലും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് പിന്മാറ്റത്തിനു കാരണമായതെന്നാണ് സൂചന. പിന്നീട് മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളെ കമല്‍ ആലോചിച്ചെങ്കിലും ഒടുവില്‍ മഞ്ജുവാര്യറെ നിശ്ചയിക്കുകയായിരുന്നു.
ശക്തമായ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മഞ്ജുവിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാവും ആമിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധവിക്കുട്ടിയുടേതുപോലെ, സ്വന്തം ജീവിതത്തിലും ധീരമായ നിലപാടുകള്‍ സ്വീകരിച്ച മഞ്ജുവാര്യര്‍ക്ക് ആമിയായി വേഷമിടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് സംവിധായകന് കമലിന്റെ പക്ഷം. വെള്ളിത്തിരയില്‍ ആമിയായി മാറാന്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ മഞ്ജുവാര്യര്‍ തുടങ്ങിക്കഴിഞ്ഞു.