പരിമിതികളെ മറികടക്കും ഗോകുലിന്റെ സംഗീതം

Thumb Image
SHARE

നടൻ ജയസൂര്യയുടെ കൈപിടിച്ച് സിനിമയിൽ പാടാനൊരുങ്ങുന്ന ഒരു കൊച്ചുമിടുക്കനെ പരിചയപ്പെടാം. കാസർകോട് മാടക്കാലിലെ നാലാംതരം വിദ്യാര്‍ഥി ഗോകുല്‍രാജാണ് ഈ മിടുക്കന്‍. ഗന്ധര്‍വനാദം കൊടുത്ത് അനുഗ്രഹിച്ചെങ്കിലും ഈ കുരുന്നിന് ദൈവം കാഴ്ച നല്‍കിയില്ല. പക്ഷേ, നെറുകയില്‍ കൈതൊട്ടനുഗ്രഹിച്ചിരിക്കണം. കാരണം, കാഴ്ചയെക്കാൾ ശക്തിയുള്ള ശബ്ദമായിരുന്നു അവന്. രണ്ടു വയസ്സായപ്പോഴെ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങി. അച്ഛൻ ബാബുവിനും അമ്മ നിഷയ്ക്കും വീട്ടിൽ റേഡിയോ വയ്ക്കുന്ന ശീലമുണ്ടായിരുന്നു. അതിലെ പാട്ടുകൾ കേട്ട്, ഏറ്റുപാടി ഗോകുല്‍ വളർന്നു. പാട്ടു പഠിക്കാനൊന്നും പോയില്ല. സാഹചര്യങ്ങൾ തടസ്സമായി നിന്നുവെന്നതാണ് സത്യം. റേഡിയോയിലും മൊബൈലിലുമായി കേട്ട പാട്ടുകൾ ഗോകുൽ മൂളുന്നതു കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. 

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ കുരുന്ന് പ്രതിഭയ്ക്ക് മണിയുടെ എല്ലാ പാട്ടുകളും അറിയാം.ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ കലാഭവന്‍ മണിയുടെ ഗാനം പാടിയാണ് ഗോകുല്‍രാജ് ജയസൂര്യയുടെ മനസില്‍ ഇടം പിടിക്കുന്നത്. ഗോകുലിനെയും അമ്മ നിഷയെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഒരു സുവര്‍ണാവസരം ഈ കുരുന്ന് പ്രതിഭയ്ക്ക് മുന്നിലേയ്ക്ക് ജയസൂര്യ വച്ചു നീട്ടി. ജയസൂര്യയെ നായകനാക്കി നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗമ്പ്രിയിൽ പാടാനുള്ള അവസരം. ഒപ്പം ചെറിയൊരു വേഷത്തിലൂടെ അഭിനയത്തിലും ഹരിശ്രീ കുറിക്കാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജയസൂര്യ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഗോകുല്‍. 

പാട്ടിനു പുറമെ ചെണ്ട, കീബോഡ് എന്നിവയും ഗോകുലിന് വഴങ്ങും. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും ആവില്ലെങ്കിലും മാടക്കല്ല് ജിഎൽപിഎസിലെ ഏറ്റവും സമർഥനായ വിദ്യാർഥിയായാണ് ഈ പത്തുവയസുകാരന്‍. ക്ലാസിൽ മുഴുവൻ സമയവും കൂട്ടിരിക്കുന്ന അമ്മ നിഷ തന്നെയാണ് ഈ മിടുക്കന്റെ കണ്ണ്. കൂലിപ്പണിക്കാരനായ അച്ഛന്‍ ബാബു തന്റെ തുച്ചമായ വരുമാനത്തിന്റെ ഭൂരിഭാഗവും മകന്റെ ചികില്‍സയ്ക്ക് മാറ്റിവച്ചെങ്കിലും ഗോകുലിന് കാഴ്ച തിരിച്ചുകിട്ടാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിധിച്ചു. ഇനി ഈ കുരുന്നിന് രണ്ടു ആഗ്രഹങ്ങള്‍ കൂടിയുണ്ട് ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഒന്നു തൊടണം. പിന്നെ മോഹന്‍ലാലിനോട് ചേര്‍ന്നു നിന്നൊരു ഫോട്ടോ എടുക്കണം. 

MORE IN SAKALAKALA
SHOW MORE