സംവിധായകൻ ഹരിഹരന്റെ അൻപതാണ്ടത്തെ സിനിമാമേഖലയിലെ സംഭാവനയ്ക്ക് സുവർണഹരിഹരം പരിപാടിയിലൂടെ ആദരം. സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംവിധായകൻ ശ്യാം ബെനഗൽ ഹരിഹരനെ ആദരിച്ചു. മമ്മൂട്ടി, ഇളയരാജ തുടങ്ങി സിനിമാമേഖലയിലെ നിരവധി പ്രമുഖർ കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തു.
സമർപ്പിത സപര്യയ്ക്ക് അക്ഷരനാഥന്റെ അനുഗ്രഹം. നൃത്ത സംഗീതാവിഷ്കാരത്തിൽ ഗുരുവന്ദനം. സംവിധായകൻ ശ്യാം ബെനഗൽ ഹരിഹരനെ ആദരിച്ചു. എം.ടി.വാസുദേവൻ നായർ മംഗളപത്രം കൈമാറി.
മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങൾ സമ്മാനിച്ച ഇളയരാജയുടെ വക പ്രിയസുഹൃത്തിന് കരുതിവച്ച സമ്മാനം. മമ്മൂട്ടി, റസൂൽ പൂക്കുട്ടി, ഐ.വി.ശശി, സീമ, അംബിക തുടങ്ങി പ്രമുഖരുടെ സാന്നിധ്യം. സിനിമയോടുള്ള ആരാധനയാണ് തനിക്ക് ഇത്രയും കാലം പിടിച്ചുനിൽക്കാനുള്ള ശക്തി നൽകിയതെന്ന് ഹരിഹരൻ പറഞ്ഞു. ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സുവർണഹരിഹരം സംഘടിപ്പിച്ചത്.