പാ. രഞ്ജിത്തും രജനികാന്തും വീണ്ടും ഒന്നിക്കുന്ന കാല പേര് വിവാദത്തില്‍. വിക്രം ചിത്രം കരികാലന്റെ സംവിധായകനാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കരികാലന് എന്ന പേര് താന്‍ നേരത്തെ സ്വന്തമാക്കിയതാണെന്ന് പരാതിയില്‍ പറയുന്നു.
വലിയ വിജയം സ്വന്തമാക്കിയ കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതില്‍ കാല എന്ന പേരിനൊപ്പം കരികാലന് എന്ന ടാഗ്ലൈനും ചേര്‍ത്തിരുന്നു. ഇതാണ് പുതിയ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
2012ല്‍ ചിത്രീകരണം ആരംഭിച്ച കരികാലന് എന്ന സിനിമയുടെ സംവിധായകനാണ് പരാതി നല്‍കിയിരിക്കുന്നത്. 1995ല്‍ തന്നെ ഈ പേര് രജിസ്റ്റര്‍ ചെയ്തതാണെന്നും അതിന്റെ അവകാശം തനിക്കാണെന്നും ചെന്നൈ സിറ്റി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കരികാലന് ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും പലകാരണങ്ങളാല്‍ അത് മുടങ്ങുകയായിരുന്നു. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ അടക്കം പുറത്ത് വന്നിരുന്നു. പുതിയ വിവാദത്തില്‍ രജനികാന്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.