ആ ഉണ്ടക്കണ്ണുള്ള നായിക ഇവിടെയുണ്ട്; തിരിച്ചുവരവിനൊരുങ്ങി ഭാഗ്യലക്ഷ്മി

pularvela-guest
SHARE

എണ്‍പതുകളില്‍ മലയാള സിനിമകളില്‍ നിറഞ്ഞുനിന്ന താരമാണ് ഭാഗ്യലക്ഷ്മി. മലയാളികള്‍ക്കവര്‍ ഭാഗ്യലക്ഷ്മിയായിരുന്നെങ്കില്‍ തമിഴിലും തെലുങ്കിലും ഭാഗ്യശ്രീ എന്നാണ് അറിയപ്പെട്ടത്. തൊണ്ണൂറുകളുടെ തുടക്കകാലത്ത് സിനിമ ജീവിതത്തോട് വിട പറയുകയും കുടുംബത്തിനൊപ്പം ഗുജറാത്തിലേക്ക് ജീവിതം പറിച്ചുനടുകയും ചെയ്തു. പിന്നീടുള്ള കാല്‍ നൂറ്റാണ്ടിലധികം കാലം സിനിമയോടുള്ള ആഗ്രഹങ്ങള്‍ മനസിലൊതുക്കിയുള്ള ജീവിതം. തമിഴിലൂടെ വെള്ളിത്തിരയിലെത്തിയതെങ്കിലും സിനിമകളേറെയും ചെയ്തത് മലയാളത്തില്‍. നായികയായും സഹനടിയുമായുമെല്ലാം അവര്‍ തിളങ്ങി. അസ്ത്രം, ഇത്തിരിപ്പൂവേ ചുവന്ന പൂവെ, ജനകീയ കോടതി. ഉയരും ഞാന്‍ നാടാകെ, തുടങ്ങിയ ഇരുപത്തിയഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപതിലേറെ ചിത്രങ്ങള്‍ വേറെയും. മോഹന്‍ ലാല്‍, മമ്മൂട്ടി, റഹ്മാന്‍, രതീഷ്, രജനീകാന്ത് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ഭാഗ്യലക്ഷ്മി വേഷമിട്ടിട്ടുണ്ട്.

സാക്ഷാല്‍ കരുണാനിധിയുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. നിലവിലെ തമിഴ്നാട് പ്രതിപക്ഷനേതാവ് എംകെ.സ്റ്റാലിന്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്. 

"സിനിമയില്‍ നിന്ന് ഇത്രയും കാലം വിട്ടുനിന്നതില്‍ ദുഖമുണ്ട്. പക്ഷേ കുടുംബത്തിന് വേണ്ടിയാണ് മാറി നിന്നത് എന്നോര്‍ക്കുമ്പോള്‍ സന്തോഷവും ഉണ്ട്. സിനിമയില്‍ തുടരുന്നതിന് ഭര്‍ത്താവ് എതിരല്ലായിരുന്നു. പക്ഷേ ഗുജറാത്തില്‍ നിന്നുകൊണ്ട്  അഭിനയത്തിനായി ഓടിനടക്കുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കി മാറിനിന്നതാണ്. സിനിമയെ ഉപേക്ഷിച്ചിരുന്നില്ല. വിവാഹശേഷം സിനിമ വിട്ടു. കാല്‍ നൂറ്റാണ്ടിന് ശേഷം വീണ്ടും സിനിമ മോഹമുണ്ടായപ്പോള്‍ പ്രോത്സാഹിപ്പിച്ചതും ഭര്‍ത്താവാണ്. മകനും പിന്തുണ നല്‍കി. അങ്ങനെയാണ് സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയത്. സിനിമയൊക്കെ ഒരുപാട് മാറി. എങ്കിലും ആത്മവിശ്വാസമുണ്ട്. മലയാളത്തിലൂടെ തന്നെ തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം" ഭാഗ്യലക്ഷ്മി പറയുന്നു.

മഹാരാജാസിലെ രക്തസാക്ഷി അഭിമന്യുവിന്‍റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ  അഭിമന്യു എന്ന ചിത്രത്തിലൂടെയാണ് അവര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അഭിമന്യു പഠിക്കുന്ന കോളജിലെ പ്രിന്‍സിപ്പലായാണ് വേഷമിടുന്നത്.

" ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മുമ്പ് ഒരു ദിവസം മൂന്ന് സിനിമ സെറ്റുകളിലേക്കൊക്കെ തിരക്കിട്ടോടിയിട്ടുണ്ട്. ഇനി ഒരു തെലുങ്ക് സിനിമയാണ് ചെയ്യാനുള്ളത്. മലയാളത്തില്‍ പുതിയ പ്രൊജക്ടുകള്‍ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് പുറമെ രാധാസ് സോപ്പിന്‍റെ പരസ്യത്തിലൂടെയും ഭാഗ്യലക്ഷ്മി ശ്രേദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്നും മലയാളി മനസുകളില്‍ സോപ്പ് പിടിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ ചിത്രം മായാതെ കിടക്കുന്നുണ്ട്.

MORE IN PULERVELA
SHOW MORE