അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം എന്ന മനോഹരമായ ഗാനം മലയാളത്തിന് സമ്മാനിച്ച സംഗീതസംവിധായകൻ കെ. വി ജോബിന്റെ ജീവചരിത്രം വായനക്കാർക്ക് മുന്നിലെത്തി. ഫാദർ വില്യം നെല്ലിക്കല്‍ രചിച്ച ഈ പുസ്തകം കൊച്ചി ആശിർ ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോബ് മാസ്റ്ററിന്റെ ഗാനങ്ങളുമായി സംഗീതസംവിധായൻ ബിജിബാലും ചടങ്ങിലെത്തി.
ഇതുപോലെ തലമുറകൾ കടക്കുമ്പോഴും മലയാളം നേഞ്ചേറ്റുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ സംഗീത ജീവിതത്തിലൂടെ ഒരു യാത്രയാണ് അല്ലിയാമ്പൽ കടവിൽ എന്ന പുസ്തകം സമ്മാനിക്കുന്നത്. ക്രിസ്തീയ ആരാധനാ സംഗീതത്തിന് പുതിയ ൈശലി തന്നെ നൽകിയ ജോബ് മാസ്റ്ററുടെ ലളിത ജീവിതവും ഫാദർ വില്യം നെല്ലിക്കൽ അല്ലിയാമ്പൽ എന്ന ജീവചരിത്രത്തിലൂടെ വരഞ്ഞിടുന്നു. കൊച്ചി ആശിർ ഭവനിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കലാസംവിധായകൻ ജോസഫ് നെല്ലിക്കലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
ലൗഡ് സ്പീക്കർ എന്ന ചിത്രത്തിനായി അല്ലിയാമ്പൽ പുനരാവിഷ്കരിച്ച സംഗീതസംവിധായകൻ ബിജിബാൽ ഗാനമാലപിച്ചത് ചടങ്ങിനെ മനോഹരമാക്കി. എട്ടുവർഷത്തിലേറെയായി വത്തിക്കാനിലെ മാധ്യമവിഭാഗത്തിൽ പ്രവർത്തിക്കുന്ന ഫാദർ വില്യം നെല്ലിക്കൽ ജോബ് മാസ്റ്ററുടെ ശിഷ്യനും കൂടിയാണ്. ഈ ജീവചരിത്രം ഒരു ഗുരുദക്ഷിണ കൂടിയാകുന്നു. തിയോ ബുക്ക്സാണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. വത്തിക്കാന്‍ റേഡിയോയിലെ മലയാളം വിഭാഗം മേധാവിയാണ്.