പെൺകുട്ടികൾ ബുള്ളറ്റ് ഒാടിക്കുകയോ? ഇപ്പോഴും നെറ്റി ചുളിക്കുന്നവർക്കിടയിലൂടെയാണ് ഷൈനി രാജ്കുമാർ ഒറ്റയ്ക്ക് ബുള്ളറ്റിൽ ലഡാക്ക് വരെ പോയി വന്നത്. ധൈര്യത്തോടെ മുന്നിട്ടിറങ്ങിയാൽ ആർക്കും നിങ്ങളെ മാറ്റിനിർത്താൻ കഴിയില്ലെന്നാണ് ഷൈനി സ്ത്രീകളോട് വിളിച്ചു പറയുന്നത്. 42 ദിനങ്ങൾ.12000ലേറെ കിലോമീറ്റർ പുതിയ ചരിത്രമെഴുതുകയാണ് ഈ ബുള്ളറ്റ് വുമൺ.
പെൺ കുട്ടികൾ ബൈക്ക് പോലും ഒാടിച്ചു തുടങ്ങാത്തൊരു കാലത്താണ് ഇവർ ബുള്ളറ്റിൽ പറന്നു തുടങ്ങിയത്. ഇന്ന് വീട്ടമ്മമാരും വിദ്യാർഥിനികളുമടക്കം 35 പേർ അംഗങ്ങളായ ഡോണ്ട് ലെസ് റോയൽ എക്സ്പ്ളോറേഴ്സ് എന്ന തലസ്ഥാനത്തെ ആദ്യത്തെ പെൺ ബുള്ളറ്റ് ക്ളബിന്റെ നേതാവ്. കോവളം സ്വദേശിനിയായ ഷൈനിയാണ് കേരളത്തിൽ ആദ്യമായി ഹിമാലയൻ ബുള്ളറ്റ് സ്വന്തമാക്കിയതും. സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം മുൻ നിർത്തിയാണ് യാത്രകളൊക്കെയും. ഉൾക്കരുത്തുള്ള പെണ്ണുങ്ങളെക്കൊണ്ട് നിരത്തുകൾ നിറയുന്നതാണിവരുടെ സ്വപ്നം.