കണ്ണൂർ കല്യാശേരി മാങ്ങാട് എടിഎം കൗണ്ടർ തകർത്ത് കവർച്ചാ ശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മോഷ്ണ ശ്രമം നടത്തിയത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദേശീയപാതയോട് ചേർന്നുള്ള എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പ്രൊഫഷണൽ കവർച്ചാ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം യന്ത്രം മുറിക്കുകയായിരുന്നു. എന്നാൽ പണം നഷ്ടമായോയെന്ന് എടിഎം അതികൃതർ പൊലീസിനെ അറിയിച്ചിട്ടില്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ പണം നഷ്ടമായോയെന്ന് കണ്ടെത്താനാകു.
പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ചാ സംഘമെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സഹകരണ ബാങ്കിൽ സ്ഥാപിച്ച സിസിടിവിയിൽനിന്ന് മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.