സിനിമാതാരം സാജു നവോദയയെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച അഭിഭാഷകനടക്കം രണ്ടുപേർ പിടിയിൽ. കൊച്ചിയിലെ സ്റ്റേജ് ഷോയിൽ പാമ്പിനെ ഉപയോഗിച്ചതിന് വന്യജീവിസംരക്ഷണ നിയമപ്രകാരം കേസെടുപ്പിക്കുമെന്ന് പറഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്
കൊച്ചി തൃക്കാക്കര നഗരസഭ ഓണാഘോഷവുമായി ബന്ധപ്പെട്ട് സാജു നവോദയയുടെ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നു. സ്റ്റേജ് ഷോയ്ക്കിടയിൽ യഥാർഥ പാമ്പിനെ ഉപയോഗിച്ച് സ്നേക് ഡാൻസും ഉണ്ടായിരുന്നു. പാമ്പിനെ ഉപയോഗിച്ചത് വന്യജീവിസംരക്ഷണ നിയമപ്രകാരം 7 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കേസ് നൽകുമെന്നും പറഞ്ഞ് സാജുവിനെ ഭീഷണിപ്പെടുത്തിയവരാണ് പിടിയിലായത്.
അഭിഭാഷകനായ ഐസക് ദേവസ്യ, കൃഷ്ണദാസ് എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കേസ് നൽകാതിരിക്കാൻ 10 ലക്ഷം രൂപ ഇവർ സാജുവിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും അതിന് വഴങ്ങിയില്ല. പണം നൽകാമെന്ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്ക് കൊച്ചിയിലെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.