നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. 30 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം മൂന്നുപേരില്‍ നിന്നായി ഒരുകോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
ഒരിടവേളക്ക് ശേഷം നെടുമ്പാശേരി വഴി സ്വര്‍ണക്കടത്തിനുള്ള ശ്രമങ്ങള്‍ സജീവമാകുന്നതായാണ് സൂചനകള്‍. ഒരുകോടിയോളം രൂപയുടെ സ്വര്‍ണം മൂന്നുപേരില്‍ നിന്നായി പിടികൂടി 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് വീണ്ടും കടത്തിനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തി തടയിട്ടത്. തായ്ലന്റില് നിന്നുള്ള എയര്‍ ഏഷ്യവിമാനത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്ന് 926 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്ത്രീകള്‍ മുടിയിലിടുന്ന ബാന്റില്‍ കൊളുത്തിന്റെ രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം തിിരിച്ചറിയാതിരിക്കാന് മറ്റ് നിറം പൂശിയിരുന്നു.
രണ്ട് ബാഗുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍മാരായ റോയ് വര്‍ഗീസ്, ഇ.വി. ശിവരാമന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ കടത്തിന്റെ പശ്ചാത്തലത്തില്‍ പിടിയിലായയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. വിമാനത്താവളങ്ങളിലൂടെ കടത്താനായി സ്വര്‍ണം രൂപമാറ്റം വരുത്തി നല്കുന്ന സംഘങ്ങളും വിദേശത്ത് സജീവമായതായാണ് സൂചന. വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്ന മൂവാറ്റുപുഴ സംഘം രണ്ടുവര്‍ഷം മുന്‍പ് പിടിയിലാകുകയും പ്രതികള്‍ക്കെതിരെ ജപ്തി അടക്കം കര്‍ശന നടപടികള്‍ ഉണ്ടാകുകയും ചെയ്തതോടെ നെടുമ്പാശേരി വഴിയുള്ള കള്ളക്കടത്തിന് താല്‍ക്കാലിക വിരാമമായിരുന്നു.