കണ്ണൂർ കൂത്തുപറമ്പിൽ വ്യാജ സന്ദേശം നൽകി ഫയർഫോഴ്സിനെ കബളിപ്പിച്ചുവെന്ന് പരാതി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. നീർവേലിയിലുള്ള ക്വാട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടർ ചോർന്നെന്ന് പറഞ്ഞാണ് ഫയർസ്റ്റേഷനിലേക്ക് ഫോൺ വിളിയെത്തിയത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി. പക്ഷേ ഗ്യാസ് ചോർന്നത് കണ്ടെത്താനായില്ല. സമീപത്ത് താമസിക്കുന്നവരും കാര്യമറിയാതെ കൈമലർത്തി. ഇതോടെ വിവരമറിയിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രിയിൽ വീണ്ടും വിളിച്ചപ്പോള്‍ ഫോൺ എടുത്തെങ്കിലും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
രാവിലെ ഫയർ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഇതോടെ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഫയർഫോഴ്സ് പോലുള്ള അടിയന്തരസഹായം എത്തിക്കുന്നവരെ പറ്റിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു.