തൃശൂര്‍ മുതുവറയില്‍ ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചിരുന്ന സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അംഗപരിമിതന് കൂടിയായ യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിന്റെ ലൈറ്റ് ഓ ട്ടോറിക്ഷയില്‍ പതിച്ചതാണ് ആക്രമണത്തിന് കാരണം.
തൃശൂര്‍ അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ കിഷോറാണ് ആക്രമിക്കപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറെടുത്ത് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ലൈറ്റ് ഓട്ടോയ്ക്കു നേരെയായതാണ് മൂന്നംഗ മദ്യപസംഘത്തെ ചൊടിപ്പിച്ചത്. കിഷോറിനെ ക്രൂരമായി മര്‍ദ്ദിച്ച് സ്കൂട്ടറില്‍ നിന്ന് ചവിട്ടി താഴെയിട്ടു. മുഖത്തു പരുക്കേറ്റ നിലയില്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ പേരാമംഗലം പൊലീസ് എത്തി മൊഴിയെടുത്തു. അക്രമികളായ മൂന്നു പേരെ തിരിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട കിഷോര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടിയാണ്.