വർക്കലയ്ക്ക് സമീപം ഇലകമണ്ണിൽ ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാവ് വീടിന് തീയിട്ടു. വീട്ടുപകരണങ്ങളും രണ്ട് മുറിയും പൂർണമായും കത്തി നശിച്ചു. വീട്ടുകാരെല്ലാവരും വീടുംപൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
വർക്കല ഇലകമൺ വട്ടവാൾ ജങ്ഷനിൽ ശ്രീകുമാറിന്റെ വീടാണ് കത്തിനശിച്ച നിലയിൽ കണ്ടത്. വീടിന്റെ പിൻവശത്തെ ജനൽ കമ്പികൾ അറുത്തുമാറ്റിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മോഷണം ലക്ഷ്യമിട്ട് കയറിയയാളാണ് വീടിന് തീവച്ചതെന്നാണ് വിലയിരുത്തുന്നത്.
വീട്ടുകാരെല്ലാവരും വീടുംപൂട്ടി തിരുവനന്തപുരം പോയിരുന്ന ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് തീ അണച്ചത്. കിടപ്പ് മുറിയടക്കം രണ്ട് മുറിയും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും നശിച്ചു. പെട്രോളും മണ്ണെണ്ണയും ഒഴിച്ചാണ് തീ കത്തിച്ചിരിക്കുന്നത്. വർക്കല പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല.