ആലപ്പുഴ ചെന്നിത്തലയിൽ അറുപത്തിയാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റില്‍. തൃപ്പെരുന്തുറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്.
ചെന്നിത്തലക്ക് സമീപം തൃപ്പെരുന്തുറ സ്വദേശിയും 38കാരനുമായ സന്തോഷ്കുമാറിനെ മാന്നാര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന സന്തോഷ് വൈകിട്ട് 4 മണിയോടെ വീടിന് അടുത്ത് താമസിക്കുന്ന 66കാരിയുടെ വീട്ടിലെത്തി. തുടർന്ന് പീഡിപ്പിക്കുകയും ശരീരമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു. മൂന്നുവർഷം മുൻപ് ഭർത്താവ് മരിച്ച സ്ത്രീ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. പീഡനവിവരം മകളുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ തൃപ്പെരുന്തുറയിലെ വീട്ടിൽനിന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സ്ത്രീ പരാതി നൽകിയ കാര്യം പൊലീസെത്തിയപ്പോഴാണ് സന്തോഷ് അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.