ഒരുവര്‍ഷം മുന്‍പ് കോഴിക്കോട് നഗരത്തില്‍ പണം വിതറി മോഷണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട് സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പൊലീസ് പിടികുടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മാവൂര്‍ റോഡിലെ മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് നാലുലക്ഷത്തിലധികം രൂപയും ലാപ്ടോപ്പും വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷം മുന്‍പ് കവര്‍ന്നിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും യഥാര്‍ഥ പ്രതികളിലേയ്ക്കെത്താന്‍ പൊലീസിനായിരുന്നില്ല. പലരെയും ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ തെളിവുകിട്ടുന്നതിന് പ്രതിസന്ധിയായി.
സമാന തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം നഗരപരിധിയിലെ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടുകാരനായ ഇദ്ദേഹത്തില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് പണംവിതറിയുള്ള കവര്‍ച്ചയുടെ കൂടുതല്‍ തെളിവിലേയ്ക്കെത്താന് സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളും പിടിയിലായ ആളുടെ രൂപത്തിന് സമാനമായിരുന്നു. ഒരു വര്‍ഷം മുന്‍പ് നഗരത്തിലുണ്ടായ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രത്യേക സംഘമുണ്ടെന്ന് തെളിഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്.