തിരുവനന്തപുരം മാറനല്ലൂരിൽ പൂട്ടിക്കിടന്ന വീട് തീയിട്ട് നശിപ്പിച്ചു. മാറനല്ലൂർ നവോദയ ലൈയ്നിൽ ബിനുവിന്റെ വീടിനാണ് തീയിട്ടത്.
വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽക്കാരാണ് കണ്ടത്. അവർ ഓടിയെത്തി തീയണച്ചപ്പോളേക്കും കിടപ്പ് മുറി പൂർണമായും കത്തി നശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് സ്വദേശിയായ ബിനുവിന്റെ വീടാണ് ഇത്തരത്തിൽ അഗ്നിക്കിരയായത്. കട്ടിലും ഫർണിച്ചറുകളും പൂർണമായും നശിച്ചു. ചുമരുകൾക്കും കാര്യമായ കേടുപാടുണ്ട്.
വീടിന്റെ ചുമരിൽ അവ്യക്തമായ രീതിയിൽ പേരെഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മനപ്പൂർവം തീയിട്ടതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കിടപ്പ് മുറിയുടെ പിൻവശത്തെ ജന്നൽ ഗ്ളാസ് തകർത്താവും തീയിട്ടതെന്നും കരുതുന്നു. സ്ഥലം സന്ദർശിച്ച മാറനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.