ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനമേറ്റു. പുന്നപ്ര മണ്ഡലം പ്രസിഡണ്ട് മീനു ബിജുവിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ മീനുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് പരാതി.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ യുവാക്കള്‍ തന്നെ മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന് മീനു ബിജു പറഞ്ഞു. എസ്.ഡി.കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദ്ദനമെന്നാണ് പരാതി. വാട്സാപ്പിലും ഫോണില്‍ നേരിട്ടും വിളിച്ചും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്
എസ്.ഡി.കോളേജില്‍ കെഎസ്്യു യൂണിറ്റ് രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച പെണ്‍കുട്ടികളെ എസ്എഫ്ഐക്കാര്‍ തിരഞ്ഞുപിടിച്ച് ആക്രമിയ്ക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുള്‍ റഷീദ് കുറ്റപ്പെടുത്തുന്നു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പ്രതിഷേധ ദിനാചാരണത്തിന് കെ.എസ്.യു ആഹ്വാനം ചെയ്തു.