കട്ടപ്പനയില്‍ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വെള്ളയാംകുടി വിഘ്നേഷ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തിയാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രിയാണ് വാസന്തിയുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ വാസന്തിയുടെ ഭര്‍ത്താവ് മുരുകനാണ് മൃതദേഹം ആദ്യം കണ്ടത്. കിടപ്പുമുറിയിലെ കട്ടിലില്‍ വിവസ്ത്രയാക്കിയശേഷം പുതപ്പുക്കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വാസന്തിയുടെ മൊബൈല്‍ ഫോണും ധരിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണമാലയും അരപവന്‍ വീതം തൂക്കമുള്ള രണ്ട് മോതിരങ്ങളും നഷ്ടപ്പെട്ടു.
മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വാസന്തിയുടെ കൂട്ടുകാരിയും രണ്ട് പുരുഷന്മാരും ഉച്ചയ്ക്ക് വീട്ടില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നിലധികം ആളുകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട് സ്വദേശികളായ മുരുകനും വാസന്തിയും രണ്ട് പതിറ്റാണ്ടിലേറെയായി വെള്ളയാംകുടിയിലാണ് താമസം.