തൃശൂര്‍ ഒല്ലൂര്‍ ആത്മിക ജ്വല്ലറിയില്‍നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച ജാര്ഖണ്ഡുകാരന് അറസ്റ്റില്‍. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ജാര്ഖണ്ഡില്പോയാണ് പ്രതിയെ കുടുക്കിയത്. ഇനി, ആറു പേരെ കൂടി പിടിക്കിട്ടാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര് നായര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ എട്ടിനായിരുന്നു തൃശൂര്‍ ഒല്ലൂര്‍ ആത്മിക ജ്വല്ലറിയില്‍ കവര്‍ച്ച. ഭിത്തി തുരന്ന് അകത്തുക്കയറിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നു. ഒന്നേക്കാല്‍ കിലോയോളം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപേക്ഷിച്ചിരുന്നു. ഇതു വാടകയ്ക്കു കിട്ടുന്ന സ്ഥലം ഏതാണെന്ന് പൊലീസ് ആദ്യം അന്വേഷിച്ചു. കുരിയച്ചിറയിലെ ഒരു കേന്ദ്രം ആദ്യം കണ്ടെത്തി. ഇവിടെ നിന്ന് ഗ്യാസ് കട്ടര്‍ വാടകയ്ക്ക് എടുത്തവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒപ്പം, ജ്വല്ലറി നില്ക്കുന്ന പ്രദേശത്തെ ടവര്‍ ലൊക്കേഷനില്‍ സംഭവ ദിവസം രാത്രി സജീവമായിരുന്ന ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചു. അങ്ങനെയാണ്, പ്രതികള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണെന്ന് മനസിലായത്.
ജാര്ഖണ്ഡിലെതന്നെ ഇരുപതംഗ പൊലീസിന്റെ സഹായത്തോടെയാണ് ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രണ്ടു ലക്ഷം രൂപയും മുപ്പത്തിയെട്ടു ഗ്രാം സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. സംഘത്തിലെ ആറു പേരെക്കുറിച്ച് സൂചന കിട്ടിയെങ്കിലും ഇവര്‍ ഒളിവിലാണ്. ഈ ആറു പേരും ജാര്‍ഖണ്ഡ് സ്വദേശികളാണ്.