ബിസിനസ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുക്കയറി ആറു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേരെ തൃശൂര്‍ പൊലീസ് മുംബൈയിലെ താനെയില്‍ നിന്ന് പിടികൂടി. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചു. മര്‍ദനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. ബാങ്കും ബിസിനസ് സ്ഥാപനവും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളും ചോര്‍ത്തി. അങ്ങനെ , ആറു ലക്ഷം രൂപ തട്ടിയെടുത്തു.
മൂന്നു കോടി രൂപ വീണ്ടും തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കിന് സംശയം തോന്നി ബിസിനസ് സ്ഥാപന അധികൃതരുമായി സംസാരിച്ചു. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചു. തട്ടിപ്പുകാര്‍ പണം മാറ്റിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം നോക്കി മുംബൈയില്‍ പോയി തൃശൂര്‍ പൊലീസ് അന്വേഷിച്ചു. ഫ്ളാറ്റുകള്‍ വാടകയ്ക്കു നല്‍കുന്നവരെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പുസംഘത്തെ തിരിച്ചറിഞ്ഞത്. രാജസ്ഥാന് ഉദയപൂര്‍ സ്വദേശികളായ അമിത് അഗ്രവാള്‍ , അജയ് എന്നിവരാണ് പിടിയിലായത്. പിടികൂടുന്നതിനിടെ ആക്രമിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. അവസാനം, മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് തൃശൂര്‍ പൊലീസ് പ്രതികളുമായി മടങ്ങിയത്.