ചാലക്കുടി പരിയാരം കൊലപാതകത്തിലെ നാലംഗ കൊളയാളി സംഘത്തിന്റെ ഒരു മൊബൈല്‍ ഫോണ്‍ രാജീവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച നമ്പറുകള്‍ പിന്തുടര്ന്നാണ് നാലു പേരെയും ചാലക്കുടി KSRTC ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇനി ഗൂഡാലോചനക്കാരെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് രാജീവിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്.
ഉടനെ മകന് പൊലീസിന് പരാതി നല്കി. രാജീവിനെ കണ്ടെത്താന്‍ പൊലീസിന്റെ തിരച്ചില്‍ നടക്കുന്നതിനിടെ കൊച്ചിയിലെ അഭിഭാഷകന് സി.പി.ഉദയഭാനു വിളിച്ച് രാജീവിനെ ബന്ദിയാക്കിയ സ്ഥലം വെളിപ്പെടുത്തുന്നു. പരിയാരത്തെ ഈ വാടകവീട്ടില്‍ എത്തിയ പൊലീസ് കണ്ടതാകട്ടെ രാജീവിന്റെ മൃതദേഹവും. വീടിനകത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞു.
പിന്നെ, നിമിഷനേരംകൊണ്ട് ഈ ഫോണില്‍ നിന്ന് പോയ കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ നമ്പറുകള്‍ കണ്ടെത്തി. അങ്ങനെ, ഇവരുടെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് പ്രതികളെ കുടുക്കി. നാലു പ്രതികളേയും വിശദമായി ചോദ്യംചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളും കുടിപ്പകയുമാണ് കൊലയില്‍ കലാശിച്ചത്. ഇനി, കൊലയ്ക്കു പിന്നിലെ ഗുഡാലോചനക്കാരെ കണ്ടെത്തുകയാണ് പൊലീസിന് മുമ്പിലുള്ള ഏകവഴി.