കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് ഉപരോധം. മഞ്ചേശ്വരം എം.എല്‍.എ, പി.ബി.അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബന്തിയോട് സ്വദേശി സിറാജിനെ പൊലീസ് വിട്ടയച്ചു.
ഞയറാഴ്ച വൈകീട്ട് ദേശീയപാതയില്‍ കുമ്പള ടൗണിന് സമീപം വച്ച് കര്‍ണാടക അര്.ടി.സിയുടെ ബസ് സിറാജ് ഉള്‍പ്പെടുന്ന സംഘം യാത്രചെയ്തിരുന്ന കാറില്‍ മുട്ടി. തുടര്‍ന്ന് ബസ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ കാറില്‍ സിറാജിന് ഒപ്പമുണ്ടായിരുന്നവര്‍ ബസിന്റെ ചില്ല് തകര്‍ത്തു. ഡ്രൈവറുടെ പരാതിയിയില്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ വൈകീട്ടോടെയാണ് സിറാജിനെ കസ്റ്റഡിയില്‍ എടുത്തത്. നിരപരാധിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ചായിരുന്നു ഉപരോധം. ഒരു മണിക്കൂറോളം എം.എല്‍.എയും അനുയായികളും സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു.
തുടര്‍ന്ന് എസ്.ഐ , എം.എല്‍.എയുമായി ചര്‍ച്ച നടത്തി സിറാജിനെ വിട്ടു നല്കി. അന്വേഷണത്തിന്റെ ഭാഗമായാണ് സിറാജിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലൂമായി കര്‍ണാടക അര്.ടി.സി ബസുകള്‍ക്ക് നേരെ ആക്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.