കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് സമാനമായി കൊല്‍ക്കത്തയിലും നടിക്ക് നേരെ ആക്രമണം. തെലുങ്ക് നടി കാഞ്ചന മൊയിത്രയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊല്‍ക്കത്തയില്‍ പുലര്‍ച്ചെ ഷൂട്ടിങ് കഴിഞ്ഞുവരുന്നതനിടെയാണ് ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ച ഒരുമണിയോടെയാണ് മൂന്നംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി നടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപിച്ചെത്തിയ സംഘം കാര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്ത ശേഷം നടി കാഞ്ചന മൊയിത്രയെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയില്‍ ഷൂട്ടിങ് കഴിഞ്ഞ് ബെഹലയിലുള്ള വീട്ടിലേയ്ക്ക് പോകും വഴിയായിരുന്നു സംഭവം.
ആദ്യം ഡ്രൈവറെ മര്‍ദിച്ച ശേഷം കാറിന്റെ താക്കോല്‍ ഊരിയെടുത്തു. പിന്നീട് കാറില്‍ നിന്ന് തന്നെയും വലിച്ചിറക്കി അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാഞ്ചന മൊയിത്ര പരാതിയില്‍ പറയുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായ കാഞ്ചന ഇപ്പോള്‍ ഒരു ബംഗാളി സിനിമയിലാണ് അഭിനയിക്കുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാമെന്നും ബെഹലാ ഡെപ്യട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.