വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരി കടത്തുന്നതിനിടെ രണ്ടുപേര്‍ തമിഴ്നാട് രാമേശ്വരത്ത് പിടിയില്‍. ഇവരില്‍ നിന്നും അന്‍പത് കിലോ കടല്‍വെള്ളരി തീരദേശ പൊലീസ് പിടിച്ചെടുത്തു. ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍വെള്ളരിയാണ് പിടിച്ചെടുത്തത്.
വംശനാശ ഭീഷണി നേരിടുന്ന ജീവിയായ കടല്‍ വെള്ളരി കടത്തുന്നതിനിടയിലാണ് രണ്ടുപേരെ തീരദേശ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്‍പത് കിലോ തൂക്കം വരുന്ന കടല്‍വെള്ളരിക്ക് ലക്ഷങ്ങളാണ് വില. തമിഴ്നാട് രാമേശ്വരത്തെ സെര്വന്കോട്ടയില് വച്ച് പ്ലാസ്റ്റിക്ക് ബക്കറ്റിലാക്കി കടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. മത്സ്യതൊഴിലാളികളില്‍ നിന്നും കടല്‍വെള്ളരി വാങ്ങി കടത്തുന്ന ഏജന്റുമാരായ കെ.മുനിസാമി, ഇന്ദിരകുമാര് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ജീവനുണ്ടായിരുന്ന കടല്‍ വെള്ളരിയെ കടലിലേക്കുതന്നെ ഇറക്കിവിടാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ തീരദേശ സുരക്ഷ സേനയുടെ നേതൃത്വത്തില്‍ കടല്‍വെള്ളരി കടലിലേക്ക് ഇറക്കി വിട്ടു. തീരദേശ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അഞ്ചിലധികം തവണ കടല്‍ വെള്ളരി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏജന്റുമാരെ പിടികൂടിയിട്ടുണ്ട്. കടല്‍വെള്ളരി പിടിക്കുന്നത് തടയാന്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ നിരീക്ഷണവും ശക്തമാക്കാന്‍ തീരദേശപൊലീസ് തീരുമാനിച്ചു. മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന കടല്‍വെള്ളരിയെ കടലില്‍ തന്നെ നിക്ഷേപിക്കണമെന്നാണ് ചട്ടം.