രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച് രാജസ്ഥാനിലെ സ്കൂളില്‍ വീണ്ടും കൂട്ടമാനഭംഗം. പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടാം ക്ളാസുകാരിയെ സ്കൂള്‍ ഉടമയും, അധ്യാപകനും കൂടിയാണ് പീഡിപ്പിച്ചത്. ഗര്‍ഭണിയായ പെണ്‍കുട്ടിയെ പ്രതികള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജനതാ ബാല്നികേതന് സ്കൂള്‍ ഉടമ ജഗതീഷ് , അധ്യാപകനായ ജഗത് സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രാജസ്ഥാനിലെ സ്കൂളില്‍ അറുവയസുകാരിയെ സ്കൂള്‍ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് പുതിയ പീഡനവാര്‍ത്ത പുറത്ത് വരുന്നത്. പന്ത്രണ്ടാം ക്ളാസുകാരിയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അജീത് ഗഡിലെ ജനതാ ബാല്നികേതന് സ്കൂള്‍ ഉടമ ജഗതീഷ് , അധ്യാപകനായ ജഗത് സിങ് എന്നിവര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഗര്ഭണിയാണന്നറിഞ്ഞതോടെ പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതരക്തസ്രാവം ഉണ്ടായി. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഛിദ്രം നടത്തിയെന്ന് ഡോക്ടര്‍ അറിയിച്ചത്. ഇതോടെയാണ് പീഡനകഥ പുറത്തറിയുന്നത്.
ആരോഗ്യനില വഷളായതിനെതുടര്‍ന്ന് വിദഗ്ധചികല്സക്കായി പെണ്‍കുട്ടിയെ ജയ്പൂരിലേയ്ക്ക് മാറ്റി. സ്കൂള്‍ ഉടമയുടെയും അധ്യാപകന്റെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.