ഹരിയാന ഗുരുഗ്രാമിലെ സ്കൂളില്‍ ഏഴുവയസുകാരന്റെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുളള മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ഗുരുഗ്രാമിലെ റയാന് ഇന്‍ര്‍നാഷണല്‍ സ്കൂള്‍ മൂന്നുമാസത്തേക്ക് ഏറ്റെടുക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പ്രദ്യുമ്നന് ഠാക്കൂറിന്റെ കഴുത്തില്‍ രണ്ട് മുറിവുകള്‍ കണ്ടെത്തി. ഇതില്‍ അന്നനാളം വരെ നീളുന്ന ആഴത്തിലുളള മുറിവാണ് മരണകാരണം. മൂര്‍ച്ചയുളള ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തലച്ചോറിലും ആന്തരികാവയവങ്ങളിലും രക്തസ്രാവം കണ്ടെത്തി. എന്നാല്‍ ഏഴുവയസുകാരന് ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നുമാസത്തേക്ക് ഹരിയാന സര്‍ക്കാര്‍ ഏറ്റെടുക്കും. തിങ്കളാഴ്ച വീണ്ടും സ്കൂള്‍ തുറക്കാനാണ് തീരുമാനം.
അതേസമയം, അംഗീകാരം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ, സ്കൂളിന് നോട്ടീസയച്ചു.