എ.ടി.എം കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്ത് തട്ടിപ്പ് നടത്തുന്ന രാജ്യാന്തര സംഘത്തിലെ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍. ഹംഗറി, റുമാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്. മലയാളികളടക്കം 300ലേറെ പേര്‍ക്ക് പണം നഷ്ടമായിരുന്നു.
റുമാനിയക്കാരന് ഡാന്‍ സാബിയന് ക്രിസ്റ്റ്യനെയും ഹംഗറിക്കാരന്‍ മാരെ യൊനാസെയെയും നാടകീയമായാണ് ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ തിരക്കറിയ എം ജി റോഡിലെ ഒരു എ ടി എം മെഷീനില്‍ പണം നിക്ഷേപിക്കുന്നതിനിടെ ബാങ്ക് ജീവനക്കാരനാണ് സ്കിമ്മറുകള് ഘടിപ്പിച്ചതായി കണ്ടെത്തിയത്. പണമെടുക്കാന്‍ കാര്‍ഡ് നിക്ഷേപിക്കുന്നിടത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് സ്കിമ്മറുകള് സ്ഥാപിച്ചിരുന്നത്. ഒപ്പം പിന് രേഖപ്പെടുത്തിനത് പകര്‍ത്താന്‍ ചെറുക്യാമറയും എ ടി എം മെഷീനില്‍ സ്ഥാപിച്ചിരുന്നു. സൈബര്‍ ക്രൈം പൊലീസില്‍ വിവരം അറിയിച്ചതോടെ നിരീക്ഷണം ആരംഭിച്ചു. ഉച്ചയോടെ സ്കിമ്മറുകള് നീക്കം ചെയ്യാന്‍ ഇരുവരുമെത്തിയപ്പോള്‍ പൊലീസ് കയ്യോടെ പിടികൂടി. ഒാണ്‍ലൈന്‍ വ്യാപാരത്തിനാണ് ഇരുവരം കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ചിരുന്നത്. രാജ്യാന്തര എ ടി എം തട്ടിപ്പ് സംഘത്തിലെ കണ്ണികാളാണ് ഇരുവരും. ജൂലൈയിലാണ് ബെംഗളൂരുവിലെ എ ടി എമ്മുകള്‍ ഉപയോഗിച്ചവര്‍ക്ക് പിന്നീട് പണം നഷ്ടമായ സന്ദേശം ലഭിച്ചത്. ഒാണ്‍ലൈന്‍ വ്യാപാരം വഴിയാണ് പണമിടപാട് നടത്തിയെന്നായിരുന്നു സന്ദേശം. മുന്നുറിലേറെപ്പേരാണ് പരാതി നല്‍കിയത്.