പാലക്കാട് കല്ലടിക്കോട്ട് വാഹനാപകടമായി റജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഇടക്കുറിശി സ്വദേശി ജോസ് മരിച്ച കേസിലാണ് വഴിത്തിരിവ്.
സ്കൂട്ടറില്‍ പോയ ജോസിനെ റോഡരികിലെ കനാലിനോടുചേര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലടിക്കോട് വാക്കോട് പടിഞ്ഞാറേടത്ത് വീട്ടില്‍ ബിജോയിയാണ് പിടിയിലായത്. കല്ലടിക്കോടുനിന്നും ഒന്നര കിലോമീറ്റര്‍ അകലെ വാക്കോട് ഭാഗത്തുവച്ചാണ് കൊലപാതകം നടന്നത്. ബിജോയി ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്കുപിന്നാലെ ജോസ് സ്കൂട്ടറില്‍ പോവുകയും കനാലിന്റെ വശത്തുവച്ച് ഇരുവരും വാഹനം നിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിജോയി ജോസില്‍നിന്ന് വാങ്ങിയ പണം തിരികെ വേണമെന്ന് ജോസ് ആവശ്യപ്പെട്ടു. തര്‍ക്കത്തിനിടെ ബിജോയി ജോസിനെ പിടിച്ചുതള്ളുകയും കനാല്വശത്തെ കല്ലില്‍ ജോസ് തലയിടിച്ച് വീഴുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. ഉടന്‍ തന്നെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് ബിജോയ് തന്നെയായിരുന്നു.വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിനോടും നാട്ടുകാരോടും ബിജോയ് പറഞ്ഞു. തൊട്ടടുത്ത ദിവസം ജോസിന്റെ സംസ്കാരച്ചടങ്ങിനും ബിജോയ് നേതൃത്വം നല്കി. ഇതിനുശേഷം നാട്ടുകാരില്‍ ചിലര്‍ നല്കിയ വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
കൊലപാതകം നടന്ന സ്ഥലത്തുവച്ച് പൊലീസ് നടത്തിയ തെളിവെടുപ്പില്‍ പ്രതി കാര്യങ്ങള്‍ വിശദമാക്കി. അപകടമാണെന്ന് വരുത്താന്‍ ജോസിന്റെ വാഹനം കനാലിലേക്ക് മറിച്ചിട്ടതും മൊബൈല്‍ഫോണ്‍ വലിച്ചെറിഞ്ഞതും പ്രതി സമ്മതിച്ചു.