മാവോയിസ്്റ്റ് നേതാവ് സിനോജിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം തൃശൂര്‍ റൂറല്‍ എസ്.പിക്കു പരാതി നല്കി. സിനോജിന്റേത് ആത്മഹത്യയാണെന്ന സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ രഹസ്യ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ട സാഹചര്യത്തിലാണിത്.
സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ പ്രമുഖ നേതാവായിരുന്നു തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സിനോജ്. ബോംബ് സ്ഫോടനത്തില്‍ മരിച്ച സിനോജിനെ രക്തസാക്ഷിയാക്കി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , നിലമ്പൂര്‍ വെടിവയ്പ്പ് സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖപ്രകാരം സിനോജിന്റേത് ആത്മഹത്യയാണ്. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷിയാണ് സിനോജെന്ന് പരസ്യമായി പറഞ്ഞ വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കുടുംബം സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത്.
മൃതദേഹം കാട്ടില്‍തന്നെ മറവു ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന മുദ്രാവാക്യം വിളി രൂപേഷിന്റേതായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ രൂപേഷിനെ വീണ്ടും ചോദ്യംചെയ്തേക്കും. സിനോജിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയാണ് പൊലീസിന് മുമ്പിലുള്ള വഴി. മൃതദേഹം കണ്ടെത്താനുള്ള ശ്രമമാണ് പൊലീസിന്റെ ആദ്യനീക്കം.