ആലപ്പുഴയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. ദേശീയപാതയില്‍ തോട്ടപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് പതിനഞ്ച് കിലോമീറ്റര്‍ അകലെ പുന്നപ്രയില്‍. കലവൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മൃതദേഹമാണ് നഗ്നമായ നിലയില്‍ കണ്ടെത്തിയത്.
തോട്ടപ്പള്ളിയില്‍ വാഹനാപകടമുണ്ടായെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ ഒന്നും കണ്ടില്ല. സൂക്ഷ്മമായ പരിശോധനയിലാണ് റോഡില്‍ ചോരയും ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയികാണുമെന്ന നിഗമനത്തില്‍ പൊലീസ് ആശുപത്രികളില്‍ അന്വേഷിച്ചു. പക്ഷേ എങ്ങുമില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുന്നപ്രയില്‍ റോഡരികില്‍ ഒരു മൃതദേഹം കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡിലെ അതേയാള്‍. ഇരുട്ടുപരന്ന റോഡരികില്‍ പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടിച്ച വാഹനത്തില്‍ കുടുങ്ങിയാവാം മൃതശരീരം എത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ശരീരത്തില്‍ അതിനുള്ള പരുക്കുകള്‍ ഉണ്ടായിരുന്നില്ല, മാത്രവുമല്ല വിവസ്ത്രനാക്കപ്പെട്ടതും ആ സാധ്യത തള്ളിക്കളഞ്ഞു. കലവൂര്‍ സ്വദേശി സുനില്‍കുമാറിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അപകടശേഷം സുനില്കുമാരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയും, ഭയത്താല്‍ മൃതദേഹം ഉപേക്ഷിച്ച് വാഹനത്തിലുള്ളവര്‍ കടന്നുകളഞ്ഞതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്