സ്കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ളാസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ വാനിന്റെ ഡ്രൈവറുള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ എട്ടുമണിക്ക് ബെല്ലടിക്കും മുന്‍പ് മകനെ സ്കൂളിലെത്തിച്ച് മടങ്ങിയ പിതാവ് വരുണ്‍ ഠാക്കൂറിന് മണിക്കൂറൊന്നു കഴിഞ്ഞ് കേള്‍ക്കേണ്ടിവന്നത് മകന്റെ അതിദാരുണ മരണ വാര്‍ത്ത. സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ മാതാപിതാക്കള്‍ കണ്ടത് കഴുത്തറുത്ത നിലയില്‍ മകന്റെ മൃതദേഹം. രാവിലെ എട്ടുമണിക്ക് ശുചിമുറിയിലെത്തിയ വിദ്യാര്‍ഥികളാണ്, സഹപാഠിയെ രക്തത്തില്‍ കുളിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് രക്തം പുരണ്ട കത്തി കണ്ടെത്തിയിട്ടുണ്ട്. സ്കൂള്‍ പരിസരത്തുള്ള മുപ്പത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിവരം അറിഞ്ഞയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മാത്രമായിരുന്നു സ്കൂള്‍ അധികൃതരുടെ വിശദീകരണം.അതിനിടെ, സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.
ഇതേ സ്കൂളിന്റെ ഡല്‍ഹി വസന്ത്്കുഞ്ചിലെ ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറു വയസുകാരനെ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വന്‍വിവാദമായിരുന്നു.